മുംബൈ: പ്ലസ് വൺ വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക അറസ്റ്റിൽ. മുംബൈയിലെ പ്രമുഖ സ്കൂളിലെ നാൽപതുകാരിയായ ഇംഗ്ലിഷ് അധ്യാപികയാണ് അറസ്റ്റിലായത്. ഇവർ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കമുള്ള സ്ഥലങ്ങളിൽവെച്ച് അധ്യാപിക നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. വിദ്യാർഥിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച കുടുംബാംഗങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്താവുന്നത്.
വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തിലേറെ അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പുറത്ത് വരുന്ന വിവരം. 2023 ഡിസംബറിൽ സ്കൂൾ വാർഷികച്ചടങ്ങിന് നൃത്തപരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് വിദ്യാർഥിയോട് അടുപ്പം തോന്നിയതെന്ന് അധ്യാപിക പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടര്‍ന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തത്. പീഡനത്തിന് ഇരയായ ആൺകുട്ടി തുടക്കത്തിൽ വിമുഖത കാണിക്കുകയും അധ്യാപികയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നു.
എന്നാൽ അധ്യാപിക സ്കൂളിന് പുറത്തുള്ള തന്‍റെ കൂട്ടുകാരിയുടെ സഹായം തേടി. യുവതി 16 കാരനെ അധ്യാപികയുമായുള്ള ബന്ധത്തിനു പ്രേരിപ്പിച്ചു. കൗമാരക്കാരായ ആൺകുട്ടികളും മുതിർന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്നും കുട്ടിയോടു പറഞ്ഞു. തുടർന്ന് വിദ്യാർഥിയുമായി അടുപ്പമുണ്ടാക്കിയ അധ്യാപിക, കുട്ടിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് മാനസിക ബുദ്ധിമുട്ടുണ്ടായ കുട്ടിക്ക് അധ്യാപിക ചില ഗുളികകളും നൽകിയിരുന്നെന്ന് പോലീസ് പറഞ്ഞു.
എന്നാൽ വിദ്യാർഥിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച കുടുംബാംഗങ്ങൾ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. സ്കൂൾ പഠനം കഴിയുന്നതോടെ അധ്യാപിക ശല്യപ്പെടുത്തുന്നത് നിർത്തുമെന്നാണ് കുടുംബം കരുതിയത്. എന്നാൽ, പ്ലസ് ടു പരീക്ഷക്ക് ശേഷം തന്റെ വീട്ടുജോലിക്കാരിൽ ഒരാൾ വഴി അധ്യാപിക കുട്ടിയോട് കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. അധ്യാപികയുടെ കൂട്ടുകാരിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.