കോഴഞ്ചേരി : ഗ്രാമപഞ്ചായത്ത് സമിതിയില്‍ ഭരണമുന്നണിക്കിടയില്‍ ഏറെ വിവാദമായ തെക്കേമലയിലെ ഹൈമാസ്‌റ്റ് വിളക്ക് വീണ്ടും പ്രകാശിച്ചു. വിളക്ക് കത്താത്തതിനെതിരെ സി.പി.എം. അംഗവും സ്‌ഥിരം സമിതി അധ്യക്ഷനുമായ സോണി കൊച്ചുതുണ്ടിയില്‍ പരാതി ഉയര്‍ത്തിയപ്പോള്‍ പ്രസിഡന്റ് അടക്കമുള്ള
എല്‍.ഡി.എഫ് അംഗങ്ങള്‍ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നായിരുന്നു ആരോപണം. ഇത് യോഗത്തില്‍ മോശം പരാമര്‍ശങ്ങള്‍ക്കു വരെ കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ എല്‍.ഡി.എഫിനെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് വിമതനും പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ കടുത്ത പ്രതിഷേധവും ഒറ്റയാള്‍ കുത്തിയിരുപ്പും നടത്തി.
ഇതും ഭരണത്തെ ബാധിക്കുന്ന സ്‌ഥിതിയിലേക്ക് വന്നതോടെ മന്ത്രി അടക്കമുള്ള നേതാക്കള്‍ ഇടപെടുകയും താല്‍കാലിക പരിഹാരം നിര്‍ദേശിക്കുകയും ആയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ തെക്കേമലയിലെ ഹൈമാസ്‌റ്റ് വിളക്ക് അറ്റകുറ്റപ്പണി നടത്തി കത്തിച്ചത്. കീഴുകരയിലെ അംഗന്‍വാടി സംരക്ഷണത്തിനുള്ള പണവും അനുവദിച്ചു. കോഴഞ്ചേരിയിലെ പ്രധാന പ്രദേശമായ തെക്കേമലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി.എന്‍.സീമ എം.പി അനുവദിച്ച ഹൈമാസ്‌റ്റ് വിളക്ക് കത്താത്തതാണ് മാസങ്ങളോളം പ്രശ്‌നമായി തുടര്‍ന്നത്. വിളക്ക് സ്‌ഥാപിക്കുമ്പോള്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ഗ്രാമപഞ്ചായത്ത് നിര്‍വഹിക്കണമെന്നായിരുന്നു കരാര്‍. ഇതനുസരിച്ച് തുടക്കത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയെങ്കിലും ഒരു വര്‍ഷത്തിലധികമായി ഇതു പണിമുടക്കി.
ഇതോടെ തെക്കേമല ജംഗ്ഷന്‍ ഇരുളിലാകുകയും ചെയ്‌തു. വിളക്ക് കത്താതെ വന്നതോടെ തന്നെ ഇക്കാര്യം വാര്‍ഡ് അംഗം കമ്മറ്റിയില്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി പിന്നീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കരാര്‍ ക്ഷണിച്ചെങ്കിലും ഇത് ഉറപ്പിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളില്‍ ഇതു നടപ്പിലായില്ല. ഇക്കൊല്ലം വീണ്ടും ഇതേ ആവശ്യം കമ്മിറ്റിയില്‍ പഞ്ചായത്ത് അംഗം സോണി കൊച്ചുതുണ്ടിയില്‍ ഉന്നയിച്ചു. ആദ്യം ലഭിച്ച ക്വട്ടേഷന്‍ തുക കൂടുതലായിരുന്നെന്നും വീണ്ടും ടെന്‍ഡര്‍ നടപടികള്‍നടത്താമെന്നും പ്രസിഡന്റ് പറഞ്ഞു. ഇതാണു പിന്നീട് തര്‍ക്കത്തിലേക്ക്‌എത്തിയത്. എന്തായാലും ഇപ്പോള്‍ തെക്കേമലയിലെ വിളക്ക് തെളിഞ്ഞു. ഇതോടൊപ്പം കോഴഞ്ചേരി ടൗണിലെ വിളക്കും പ്രകാശിച്ചതും ആശ്വാസമായിട്ടുണ്ട്.