ഉഡുപ്പി ; കർണാടകയിലെ ക്ലാസ് മുറികളിൽ ഹിജാബ് ഉപയോഗിക്കാൻ അനുമതി ചോദിച്ചു ഹർജി നൽകിയ വിദ്യാർഥികളെ പ്ലസ് ടു പരീക്ഷ എഴുതാൻ അനുവദിക്കാതെ കോളജ് അധികൃതർ. പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെയാണ് അധികൃതര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ മടക്കി അയച്ചത്. ആലിയ ആസാദി, റേഷം എന്നീ വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാൻ ഉഡുപ്പിയിലെ വിദ്യോദയ പിയു കോളജ് അനുവാദം നിഷേധിച്ചത്. ഹാള്‍ടിക്കറ്റ് ശേഖരിച്ച് പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സമ്മതിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരീക്ഷ ബഹിഷ്‌കരിച്ച് തിരിച്ചുപോയി.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട ബോര്‍ഡ് പരീക്ഷയ്ക്കാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ തുടക്കമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ, അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവര്‍ പ്രതിഷേധമെന്ന രീതിയില്‍ പരീക്ഷയ്‌ക്കെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനത്തിനെതിരായ 15 പരാതികളാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുകയെന്നത് അവിഭാജ്യ ഘടകമല്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.