ലണ്ടന്‍ : കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് (74 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും ഹിലരിയെ അലട്ടിയിരുന്നു. ഹൊറര്‍ സിനിമയായ വിച്ച്‌ഫൈന്‍ഡര്‍ ജനറല്‍ (1968 ), വുതറിംഗ് ഹൈറ്റ്സ് ( 1970 ) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തയായ ഹിലരി സിനിമാ നിര്‍മാതാവ് കൂടിയാണ്.
1945 മേയ് 6ന് ലിവര്‍പൂളില്‍ ജനിച്ച ഹിലരി ടെലിവിഷന്‍ സീരീസുകളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്. ആന്‍ ഓഫുള്ളി ബിഗ് അഡ്വഞ്ചര്‍ ( 1995 ) എന്ന ചിത്രത്തിന്റെയും ദ റോമന്‍ സ്പ്രിംഗ് ഒഫ് മിസിസ് സ്‌റ്റോണ്‍ ( 2003 ), റിബേക്ക (1997 ) തുടങ്ങിയ ടെലിവിഷന്‍ സീരീസുകളുടെയും നിര്‍മാതാവായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ജമൈക്ക ഇന്‍ എന്ന മിനി സീരീസാണ് ഹിലരി അവസാനമായി നിര്‍മിച്ചത്.