പത്തനംതിട്ട : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി. ക്രിമിനല്‍ സ്വഭാവമുള്ളവ ഒഴിച്ചുള്ള കേസുകള്‍ മാത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം ശബരിമല ഭക്തരുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു ആരോപിച്ചു.
ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരപരാധികളായ ഒട്ടനവധി പേരെ ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിയാക്കിയിട്ടുണ്ട്. നിരവധി ഹിന്ദു നേതാക്കള്‍ക്കെതിരായും പ്രതികാര ബുദ്ധിയോടെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. അതൊന്നും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് സര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്ട്രീയമാണ്. തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എടുത്ത ഈ തീരുമാനം വിശ്വാസികളെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നിരവധി യുവാക്കള്‍ക്കാണ് ഈ കേസുകള്‍ മൂലം തൊഴില്‍ ലഭിക്കാതെ പോയത്. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. തൊഴില്‍ കിട്ടാതെ പോയ യുവാക്കള്‍ക്ക് പകരം തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.