ലഖ്‌നോ: ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച് തെരുവില്‍ 45 കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മുസ്ലിം യുവാവിനെ തെരുവിലൂടെ നടത്തുകയും ആക്രമിക്കുകയും ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുകയായിരുന്നു ഹിന്ദുത്വ അക്രമികള്‍. തുടര്‍ന്ന് ഇയാളെ പോലീസിലേല്‍പ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മകള്‍ കെഞ്ചിയെങ്കിലും അക്രമികള്‍ മര്‍ദനം തുടരുന്നത് വീഡിയോയില്‍ കാണാം.
ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇ -റിക്ഷ ഓടിക്കുകയായിരുന്ന യുവാവിനെ പ്രതികള്‍ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രദേശവാസികള്‍ പകര്‍ത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പോലീസിന്റെ മുമ്പില്‍ വെച്ചും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുണ്ട്.
ബജ്‌റംഗ്ദള്‍ യോഗം നടക്കുന്നതിന് അരകിലോമീറ്റര്‍ അകലത്തിലാണ് സംഭവം. പ്രദേശത്തെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീംങ്ങള്‍ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് അവരുടെ ആരോപണം. യോഗം കഴിഞ്ഞശേഷം അവിടെ നിന്നെത്തിയ ആളുകള്‍ 45കാരനെ മര്‍ദിക്കുകയായിരുന്നു.
പ്രദേശത്തെ ഒരു മുസ്ലിം കുടുംബവും അവരുടെ ഹിന്ദുക്കളായ അയല്‍ക്കാരും തമ്മില്‍ വിരോധത്തിലായിരുന്നു. അക്രമത്തിന് ഇരയായ വ്യക്തി ഈ മുസ്ലിം കുടുംബത്തിന്റെ ബന്ധുവാണ്. രണ്ട് കുടുംബങ്ങളും പ്രാദേശിക പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും കാണ്‍പൂര്‍ പോലീസ് വെളിപ്പെടുത്തി.