ചെറുകോല്‍പ്പുഴ : അനവധി വൈദേശിക ആക്രമണങ്ങളെ അതിജീവിച്ച പാരമ്പര്യമാണ് ഹൈന്ദവ സംസ്കാരത്തിന് ഉള്ളതെന്ന് രാജേഷ് നാദാപുരം പറഞ്ഞു. 113 -മത് ഹിന്ദുമത പരിഷത്തിന്റെ ഏഴാം ദിവസം രാവിലെ ഏകാത്മ ഭാരതം എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂമിയെയും നദികളെയും കടലിനേയുമെല്ലാം മാതാവായി കാണുന്നതാണ് ഹൈന്ദവ സംസ്കാരത്തിന്റെ പ്രത്യേകത. അമൃതസ്യ പുത്ര എന്ന് സംബോധന ചെയ്യുന്ന ഹൈന്ദവ മതമാണ് മനുഷ്യന് സ്വതന്ത്രമായി ജീവിക്കാൻ അവസരം നൽകുന്നതും പ്രകൃതിയെ ദോഹനം ചെയ്യാൻ ആഹ്വാനം ചെയ്തതും, വിശക്കുന്നവന്റെ കണ്ണീരൊപ്പാൻ കഴിയാത്ത ഒരു മതവും വേണ്ടെന്ന് പറഞ്ഞതും, നരജാതി അല്ലാതെ ഒരു ജാതിയും ഇവിടെ വേണ്ടെന്ന് പറഞ്ഞതുമെല്ലാം ഹിന്ദുമതമാണ്.
മതങ്ങൾ പരസ്പരം പീഡിപ്പിച്ചും ജാതികൾ തമ്മിൽ കലഹിച്ചും മതത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. മതത്തെ ഇല്ലാതാക്കാൻ നോക്കിയ രാജാക്കൻമാർ നിരവധിയുണ്ട്. സാഹിത്യകാരന്മാരും സിനിമാലോകവുമെല്ലാം അവരാലാവുന്ന തരത്തിലൊക്കെ ഹൈന്ദവ പുരാണങ്ങളെ മാറ്റി എഴുതി ഹിന്ദുവിനെ നിന്ദിച്ചു. തൊട്ടുകൂടായ്മ ഹിന്ദുവിനില്ലായിരുന്നു. അത് പിന്നീടെപ്പോഴൊ കടന്നുകൂടിയതാണ്. രാമ പ്രതിഷ്ഠ മുഴുവൻ ഹിന്ദുക്കളുടേതുമാണ്. എല്ലാവരേയും ഒന്നിച്ച് കാണാൻ ആഗ്രഹിക്കുന്നതാണ് ഹിന്ദുത്വം എന്നും രാജേഷ് നാദാപുരം പ്രഭാഷണത്തിൽ പറഞ്ഞു. ചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലം എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ. സന്തോഷ് കുറുപ്പ്, പി ആർ ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.