കൊച്ചി : പമ്പാ മണപ്പുറത്ത് കൂറ്റന്‍ പന്തൊലൊരുക്കി നടത്തുന്ന രാമകഥാ പ്രഭാഷണം ഹൈക്കോടതി വിലക്കി. ഗുജറാത്ത് സ്വദേശി മുരാരി ബാപ്പുവിന്റെ നേത്യത്വത്തില്‍ നടന്ന പരിപാടിയാണ് കോടതി തടഞ്ഞത്. അനുമതിയില്ലാതെ കൂറ്റന്‍ പന്തല്‍ ഒരുക്കി പ്രഭാഷണം നടത്തുകയാണന്ന മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി ജിഅജിത് കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. മണപ്പുറത്ത് ശീതീകരിച്ച പന്തലും സംഘാടകരുടെ താമസത്തിനായി 24 കുടിലുകളും സ്ഥാപിച്ചായിരുന്നു പരിപാടി.
പന്തല്‍ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടു. സംഘാടകര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ പോലീസിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ വനം വകുപ്പിന്റെയോ അനുമതി വാങ്ങിയിരുന്നില്ല. അനുമതി നല്‍കിയിട്ടില്ലെന്നു ജില്ലാ ഭരണകൂടവും വനം വകുപ്പും അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചേ പരിപാടി പാടുള്ളൂവെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശവും അവഗണിച്ചു. ബന്ധപ്പെട്ടവര്‍ അനുമതി നല്‍കുകയാണെങ്കില്‍ പമ്പാ ഗണപതി ക്ഷേത്രത്തിന്റെ ഹാളില്‍ പരിപാടി നടത്താമെന്നു കോടതി നിര്‍ദേശിച്ചു.