പന്തളം : ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരുവാന്‍ തീരുമാനിച്ചു. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഇതിനു മുന്നോടിയായി ഒക്ടോബർ 16ന് പന്തളം തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥനയും നടത്തും. മാറി മാറി വരുന്ന സർക്കാരും ദേവസ്വം ബോർഡും ഭക്തരെ ചൂഷണം ചെയ്യുക എന്നത് ഒഴിച്ചാൽ ഒരു അടിസ്ഥാന സൗകര്യവും പമ്പയിലും സന്നിധാനത്തും ഒരുക്കുന്നില്ല. ശബരിമല തീർഥാടകർ അനുഭവിക്കുന്ന കൊടിയ പീഡനവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും ഹൈന്ദവ സംഘടനകൾ പറയുന്നു.
ശബരിമലയിൽ എത്തുന്ന തീർഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെയാണ് വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവന്നത്. യഥാർഥത്തിൽ ഭക്തരുടെ വിവരശേഖരണമാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം. കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലെ തീർഥാടനം സുഗമമാക്കേണ്ടത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കടമയാണ്. തീർഥാടനം നിയന്ത്രിക്കുന്നത് പോലീസാണ്. ഭക്തർക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് ശബരിമലയിൽ ബോർഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത് എന്നാണ് ആരോപണം.