പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പില്‍ ഹിന്ദു പാര്‍ലിമെന്റ് എല്‍ ഡി എഫിനെ പിന്തുണക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി സി പി സുഗതന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ എല്‍ ഡി എഫിനായിരുന്നു ഹിന്ദു പാര്‍ലിമെന്റ് പിന്തുണ നല്‍കിയത്. എന്നാല്‍ ഇത്തവണ എല്‍ ഡി എഫ് വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തത്.
ജാതി രാഷ്ട്രീയത്തെ തടയാനാണ് കഴിഞ്ഞ തവണ എല്‍ ഡി എഫിനെ പിന്തുണച്ചത്. അവര്‍ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തത്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് മാത്രമാകും ഇനി പിന്തുണ. നല്ല വ്യക്തിത്വമുള്ളവരെ പിന്തുണക്കും. അഴിമതിക്കാരെ പിന്തുണക്കില്ല.
യു ഡി എഫ് പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി സംസാരിച്ചിരുന്നു. ചര്‍ച്ചകള്‍ തുടരുന്നുണ്ട്. വെള്ളാപ്പള്ളിയുടെത് ജാതി രാഷീട്രീയമാണ്. ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഭക്തരുടെ ഭാഗത്തല്ല. വിശ്വാസികളെ പറ്റിക്കുകയാണ് ചെയ്യുന്നതെന്നും സി പി സുഗതന്‍ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ്ജിനും മാണി സി കാപ്പനും പിന്തുണ നല്‍കുമെന്നും സുഗതന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ കേരള സാംബവര്‍ മഹാസഭ പ്രസിഡന്റ് എം ഇ പരമേശ്വരന്‍, ഹിന്ദു പാര്‍ലിമെന്റ് വൈസ് പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ് പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സര്‍ക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേര്‍ന്നു സംഘടിപ്പിച്ച നവോത്ഥാന മതിലിന്റെ സംഘാടക സമിതി ജോ. കണ്‍വീനറായിരുന്നു സി പി സുഗതന്‍.