തിരുവനന്തപുരം: ആറ്റിങ്ങലിൽ മൂന്ന് വയസുകാരനെ മർദ്ദിച്ച് അവശനാക്കിയ അച്ഛൻ റിമാൻഡിൽ. ഇന്നലെയാണ് കുടവൂർകോണം സ്വദേശി ജോഷിയെ അറസ്റ്റ് ചെയ്തത്. ജോഷിയുടെ ഭാര്യ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. കടയ്ക്കാവൂർ അമ്പഴക്കണ്ടം സ്വദേശി അശ്വതിയുടെ പരാതിയിലാണ് ഭർത്താവ് ജോഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്നെയും മൂന്ന് വയസ്സുള്ള മകനേയും ഭർത്താവ് സ്ഥിരമായി ആക്രമിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.
ഭർത്താവിന്റെ മർദ്ദനം കാരണം അശ്വതി സ്വന്തം വീട്ടിൽ വന്നു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവിടെയെത്തി ബഹളമുണ്ടാക്കിയ പ്രതി, അശ്വതിയേയും കുഞ്ഞിനെയും മർദ്ദിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. ഇടുപ്പെല്ലിന് പരിക്ക് പറ്റിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി അന്വേഷണം തുടങ്ങിയതോടെ അമ്മ പരാതി നൽകി. തുടന്ന് നടത്തിയ തിരച്ചിലിലാണ് ജോഷിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതിയെ പിന്നീട് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.