തൃശൂർ : സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുടുംബം. കുറച്ച് കൂടി സാവകാശം ലഭിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് ഈ ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു എന്ന് മരിച്ച വിഷ്ണുവിന്റെ അച്ഛൻ വിനയൻ പറഞ്ഞു. ‘ഞങ്ങള് കാലുപിടിച്ചു പറഞ്ഞു, ഇതൊന്ന് നീട്ടിത്തരണമെന്ന്. അപ്പോ അവർ സമ്മതിക്കില്ലെന്ന് പറഞ്ഞു. എന്റെ പൊന്നുമോൻ മരിച്ചു. 1.30 കൊണ്ടുവന്ന് അടയ്ക്കാം. ബാക്കി ടേക്ക് ഓവർ ചെയ്ത് തരുമോ എന്നും ചോദിച്ചു. അതിനും സമ്മതിക്കില്ലെന്ന് പറഞ്ഞു.’ വിഷ്ണുവിന്റെ അച്ഛൻ വിനയന്റെ വാക്കുകളിങ്ങനെ. എസ്ഐബി ബാങ്കിന്റെ ജപ്തി നടപടിയിൽ മനം നൊന്ത് തൃശൂർ കാഞ്ഞാണി സ്വദേശിയായ 26കാരൻ വിഷ്ണുവാണ് ജീവനൊടുക്കിയത്.
സ്വകാര്യ ബാങ്കിൽ നിന്ന് 12 കൊല്ലം മുമ്പാണ് വീട് വെയ്ക്കാനായി എട്ടു ലക്ഷം രൂപ വായ്പയായി എടുത്തത്. തുടര്‍ന്ന് എട്ടു ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചിരുന്നു. ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശികയുണ്ടായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്ന് വിഷ്ണുവിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്ന് രാവിലെ ബന്ധുവീട്ടിലേക്ക് മാറാനുള്ള തീരുമാനത്തിലായിരുന്നു വിഷ്ണുവിന്റെ കുടുംബം. അതിനിടെയാണ് വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.
പണമടക്കാൻ ബാങ്കിൽ നിന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കൊവിഡ് പ്രതിസന്ധി വന്നതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കാഞ്ഞാണി ശാഖയിൽ നിന്നാണ് വായ്പ എടുത്തത്. വെൽഡിംഗ് ജോലിക്ക് പോയാണ് വിഷ്ണു കുടുംബത്തിന് താങ്ങായി ഒപ്പം നിന്നത്. വീടൊഴിഞ്ഞ് താക്കോൽ ബാങ്കിൽ ഏൽപിക്കണമെന്ന് ഇന്നാണ് നിർദേശിച്ചിരുന്നത്. സാധനങ്ങളെല്ലാം എടുത്ത് തൊട്ടടുത്തുള്ള വിനയന്റെ സഹോദരന്റെ വീട്ടിലേക്ക് മാറാൻ നിൽക്കുന്ന സമയത്താണ് ദുരന്തം. കുറച്ചു കൂടി സാവകാശംഈ കുടുംബത്തിന് നൽകിയിരുന്നെങ്കിൽ വിഷ്ണുവിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നു എന്നാണ് നാട്ടുകാരടക്കം പറയുന്നത്.