ലഖ്‌നൗ: യുപി യിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ഹൈന്ദവ ഘോഷയാത്രകൾ കടന്നുപോകുന്ന വഴികളിലെ മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടാൻ ഉത്തരവിട്ട് അധികൃതർ. ഷാജഹാൻപൂരിലും ബറേലിയിലും ഹോളിയുടെ ഭാഗമായി ഘോഷയാത്രകൾ നടക്കുന്നുണ്ട്. ഈ ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളികൾക്ക് മുകളിലേക്ക് നിറങ്ങൾ പുരട്ടുന്നത് തടയാനാണ് ടാർപോളിനും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മൂടാൻ നിർദേശം നൽകിയതായി അധികൃതർ പറയുന്നു. സമീപ വർഷങ്ങളിൽ, മതപരമായ ഘോഷയാത്രകളെ തുടർന്ന് യു.പിയില്‍ വർഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ തടയാനാണ് രണ്ട് നഗരങ്ങളിലെയും അധികാരികൾ ഘോഷയാത്ര കടന്നുപോകുന്ന വഴിയുള്ള പള്ളികളോട് കെട്ടിടങ്ങൾ മറയ്ക്കാൻ ആവശ്യപ്പെട്ടത്.
ഞായറാഴ്ച ബറേലിയിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഘുലെ സുശീൽ ചന്ദ്രഭാന്റെ നേതൃത്വത്തിൽ നർസിങ് ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന രാം ബരാത്ത് ഘോഷയാത്രയുടെ നിർദിഷ്ട റൂട്ടിലൂടെ പൊലീസ് ഫ്‌ലാഗ് മാർച്ച് നടത്തിയിരുന്നു. ബ്രഹ്മപുരി രാംലീല കമ്മിറ്റിയാണ് ഹോളി ഉത്സവത്തോടനുബന്ധിച്ച് ബറേലിയിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.