പത്തനംതിട്ട : ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്. മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. കനത്തമഴയിൽ പത്തനംതിട്ട ജില്ലയുടെ വടക്കൻ മേഖലയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും. പലയിടത്തും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിൽ എസ്.പി ഓഫീസിലെ കന്റിലിനും മുന്നിലെ മുന്നിലെ റോഡിലും വെള്ളം കയറി. നിലവിൽ ജില്ലയിൽ യെല്ലോ അലർട്ട് ആണ്.
കനത്ത മഴയിൽ കോട്ടാങ്ങൽ പഞ്ചായത്തിലും വെണ്ണിക്കുളത്തും വീടുകളിൽ വെള്ളം കയറി ചുങ്കപ്പാറ ടൗണിലെ കടകളിൽ വെള്ളം കയറി. വെണ്ണിക്കുളം തടിയൂർ റോഡിലും കോഴഞ്ചേരി തെക്കേമല പന്തളം റോഡിലും കോയിപ്രം പൊലീസ് സ്റ്റേഷന് മുൻവശം പുല്ലാട്ടും വെള്ളം കയറി ഏറെനേരം ഗതാഗതം തടസപ്പെട്ടു. മല്ലപ്പള്ളിയിൽ ഒരു കട ഒഴുകിപ്പോയി. ആനിക്കാട്ടും തെള്ളിയൂരും തോടുകൾ കരകവിഞ്ഞു കുറിയന്നൂരിലും എഴുമറ്റൂരിലും മണ്ണിടിച്ചിലുണ്ടായി. വെള്ളം കയറിയ മേഖലകളിലേയും അപകടസാധ്യതയുള്ള സ്ഥലങ്ങളിലേയും ആൾക്കാരെ ക്യാമ്പുകളിലേക്ക് മാറ്റി.