പത്തനംതിട്ട : 17കാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും അർധരാത്രി വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്ത കേസിൽ സീതത്തോട് സീതക്കുഴി താഴേപറമ്പിൽ സോനു സുരേഷിനെ (22) 65 വർഷം കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവ് അനുഭവിക്കണം. പത്തനംതിട്ട പോക്സോ പ്രത്യേക കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പുറപ്പെടുവിച്ചത്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ സോനു വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകുകയും വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തുകയുമായിരുന്നു. ഒരു ദിവസം പെൺകുട്ടിയെ കൂട്ടി കൊണ്ടുവരുന്നത് കണ്ട മാതാപിതാക്കൾ സോനുവിന് മുന്നറിയിപ്പ് നൽകിയിരുന്നു.
മാതാപിതാക്കൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതോടെ പ്രതിയുമായുള്ള ബന്ധത്തിൽ നിന്നും പെൺകുട്ടി പിൻവാങ്ങി. ഇതിനിടെ ഇയാൾ പെൺകുട്ടിയെയും മാതാപിതാക്കളെയും വീട്ടിൽ കയറി ആക്രമിച്ചു. ഓടിക്കൂടിയ അയൽവാസികൾ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിച്ചു. പോലീസ് വീട്ടിൽ കയറി ആക്രമിച്ചതിന് കേസെടുത്തു. പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയതോടെ പോക്സോ കേസും രജിസ്റ്റർ ചെയ്തു. രണ്ടു കേസിലും വിചാരണ പൂർത്തിയാക്കി പ്രത്യേകം പ്രത്യേകം വിധി പ്രസ്താവിച്ചു. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന ജി. സുനിൽ, ജിബു ജോൺ എന്നിവരും സബ് ഇൻസ്പെക്ടറായിരുന്ന ജ്യോതി സുധാകറുമാണ് അന്വേഷണ ചുമതല നിർവഹിച്ചത്.