തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ‘വീട് ഒരു വിദ്യാലയം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. നേമം നിയോജക മണ്ഡലത്തിലെ കമലേശ്വരം വാര്‍ഡില്‍ മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആതിര എം ബിയുടെ വീട്ടിലായിരുന്നു ഉദ്ഘാടനം.
കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും സര്‍ക്കാരും ചേര്‍ന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വളരെ ലളിതമായ ഒരു പരീക്ഷണം ആതിര അവതരിപ്പിച്ചു. ചെമ്പത്തിപ്പൂ നീളത്തില്‍ എടുത്ത പേപ്പറില്‍ ഇരുവശവും ഉരച്ച് തയ്യാറാക്കിയ ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ച് ആസിഡ്, ആല്‍ക്കലി തിരിച്ചറിയുന്ന പ്രവര്‍ത്തനം ആതിര അവതരിപ്പിച്ചു.
വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രക്രിയാബന്ധിതമായ പഠനാനുഭവങ്ങള്‍ നിലവിലെ ഫസ്റ്റ്ബെല്‍ ക്ലാസുകളിലൂടെ പൂര്‍ണമായും കുട്ടികള്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കുട്ടിയുടെ രക്ഷിതാവിന്റെ സഹായത്തോടെ വീടും പരിസരവും പ്രയോജനപ്പെടുത്തി പഠനനേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് ‘വീട് ഒരു വിദ്യാലയം’. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണയോടുകൂടി പഠനപ്രവര്‍ത്തനങ്ങള്‍ ഓരോ കുട്ടിയിലുമെത്തിച്ച് വീട്ടില്‍ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാന്‍ പദ്ധതി അവസരം നല്‍കുന്നു.