ന്യൂഡല്‍ഹി : വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കായി റെംഡെസിവര്‍ ഇന്‍ജെക്ഷന്‍ വാങ്ങുകയോ നല്‍കുകയോ ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വലിയ രോഗലക്ഷണങ്ങളില്ലാതെ വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗരേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. ആശുപത്രിയില്‍വെച്ചുമാത്രം നല്‍കേണ്ട ഇന്‍ജക്‌ഷനാണിതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
വീട്ടില്‍ കഴിയുന്നവര്‍ മൂന്ന് ലെയറിന്റെ മെഡിക്കല്‍ മാസ്ക് ധരിക്കണം. വായുസഞ്ചാരമുള്ള മുറിയില്‍ വേണം കഴിയാനെന്നും നിര്‍ദേശമുണ്ട്. രോഗികളെ പരിചരിക്കുന്നവര്‍ എന്‍95 മാസ്ക് ഉപയോഗിക്കണം. രോഗികള്‍ ദിവസവും രണ്ടുതവണ ചൂടുവെള്ളം കവിള്‍കൊള്ളുകയോ ആവിപിടിക്കുകയോ വേണം. കാര്യമായി രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് വായിലൂടെയുള്ള സ്റ്റിറോയ്ഡുകള്‍ നല്‍കേണ്ടതില്ല. ഏഴു ദിവസത്തിനുശേഷവും രോഗലക്ഷണങ്ങള്‍ (തുടര്‍ച്ചയായ പനി, ചുമ തുടങ്ങിയവ) തുടര്‍ന്നാല്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം വായിലൂടെയുള്ള സ്റ്റിറോയ്ഡ് ചെറിയ ഡോസില്‍ നല്‍കാം.
പ്രമേഹം, മാനസികസമ്മര്‍ദം, ഹൃദ്രോഗം, ദീര്‍ഘകാലമായുള്ള കരള്‍ – വൃക്ക രോഗങ്ങള്‍ തുടങ്ങിയവയുള്ള 60 വയസ്സുകഴിഞ്ഞ കോവിഡ് ബാധിതരെ മെഡിക്കല്‍ ഓഫീസറുടെ കൃത്യമായ വിലയിരുത്തലിനുശേഷമേ വീട്ടില്‍ കഴിയാന്‍ അനുവദിക്കാവൂ. ഓക്സിജന്‍ അളവ് കുറയുകയോ ശ്വാസതടസ്സം നേരിടുകയോ ചെയ്യുന്നവര്‍ ഉടന്‍ ഡോക്ടറുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശനം തേടണം. ദിവസവും നാലുനേരം പാരസെറ്റമോള്‍ 650 എം.ജി. കഴിച്ചിട്ടും പനി കുറയുന്നില്ലെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെടണം. ഡോക്ടര്‍ മറ്റ് നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ (ഉദാ: നാപ്രോക്സണ്‍ 250 എം.ജി. രണ്ടുനേരം) പരിഗണിക്കും. ഐവെര്‍മെക്റ്റിന്‍ ഗുളിക (വെറുംവയറ്റില്‍) മൂന്നുമുതല്‍ അഞ്ചുനേരം നല്‍കുന്നതും പരിഗണിക്കാം.
പനിയും ചുമയും പോലുള്ള രോഗലക്ഷണങ്ങള്‍ അഞ്ചുദിവസത്തിനു ശേഷവും തുടര്‍ന്നാല്‍ ഇന്‍ഹെയ്‌ലറുകള്‍ വഴി നല്‍കുന്ന ഇന്‍ഹെയ്‌ലേഷണല്‍ ബുഡെസൊണൈഡ് (800 എം.സി.ജി.) ദിവസവും രണ്ടുനേരം വീതം അഞ്ചുമുതല്‍ ഏഴുദിവസംവരെ നല്‍കാം. വീട്ടില്‍ കഴിയുന്ന രോഗികളെ ബന്ധപ്പെടുന്നവര്‍ക്കും പരിചരിക്കുന്നവര്‍ക്കും ഡോക്ടറുടെ നിര്‍ദേശാനുസരണം ഹൈഡ്രോക്സിക്ലോറോക്വിന്‍ പ്രോഫിലാക്സിസ് നല്‍കാം.
എയ്ഡ്‌സ്, അര്‍ബുദം എന്നിവയുള്ളവര്‍, അവയവമാറ്റം കഴിഞ്ഞവര്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീട്ടില്‍ ചികിത്സിക്കരുത്. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് ഉചിതമായ വൈദ്യപരിശോധനയ്ക്കു ശേഷമായിരിക്കണം. രോഗലക്ഷണംതുടങ്ങി പത്തുദിവസമാവുകയും മൂന്നുദിവസമായി പനിയില്ലാതിരിക്കുകയും ചെയ്താല്‍ ഹോംഐസൊലേഷനില്‍ കഴിയുന്ന രോഗികളെ സമ്പര്‍ക്കവിലക്കില്‍നിന്ന് മാറ്റാം. ഹോം ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായാല്‍ കോവിഡ് പരിശോധനയുടെ ആവശ്യമില്ല.