ബെംഗളൂരു : നഗരത്തിലെ മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മി ദാസിന്റെ കൊലപാതകത്തിൽ അഷ്റഫ് എന്നയാളെ തേടുകയാണ് പോലീസ്.
അഷ്റഫ് പശ്ചിമബംഗാൾ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു കഴിഞ്ഞു. കൊലപാതകം സംബന്ധിച്ച് കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുറ്റവാളി ഇയാൾ തന്നെയെന്ന് ഉറപ്പിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും കഴിയും വേഗം അഷ്റഫിനെ അറസ്റ്റ് ചെയ്യുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മഹാലക്ഷ്മിയുടെ ശരീരം 50 കഷ്ണങ്ങളായി നുറുക്കിയാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചത്.
നേരത്തെ 30 കഷ്ണങ്ങൾ എന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. മഹാലക്ഷ്മിയുടെ സുഹൃത്തെന്ന് ആരോപിക്കപ്പെടുന്ന അഷ്റഫിനെതിരെ നേരത്തെ ബെംഗളൂരു ശേഷാദ്രിപുരം പോലീസിൽ ഒരു പരാതി ചെന്നിട്ടുണ്ട്. ഇതിൽ എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും മഹാലക്ഷ്മിയുടെ ഭർത്താവ് ഹേമന്ത് ദാസ് ആരോപിക്കുന്നു. പരാതി നൽകിയതയ് മഹാലക്ഷ്മി തന്നെയാണ് തന്നെ ബ്ലാക്മെയിൽ ചെയ്യുന്നു എന്നതായിരുന്നു പരാതി. നെലമംഗലയിലെ ഒരു സലൂണിൽ ജോലി ചെയ്തിരുന്ന ആളാണ് അഷ്റഫ്. മഹാലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ഇത് അക്രമി കൈക്കലാക്കിയെന്നാണ് പോലീസ് കരുതുന്നത്. മഹാലക്ഷ്മിയെ വെട്ടിമുറിക്കാൻ ഉപയോഗിച്ച ആയുധവും കിട്ടിയിട്ടില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോൺ ലഭിച്ചിട്ടില്ലെങ്കിലും മഹാലക്ഷ്മിക്ക് വന്നതും പോയതുമായ കോളുകളുടെ വിവരം ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഫോണിന്റെ ടവർ ലൊക്കേഷനുകളും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. കൊലപാതകത്തിനു ശേഷം മണം പുറത്തുവരാതിരിക്കാൻ ചില കെമിക്കലുകൾ അക്രമി ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്.