കൊച്ചി : വിദേശത്ത് നിന്ന് വരുന്നവർ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാൽ മതിയെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റസിഡന്‍സ് അസോസിയേഷനുകൾ. വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ ഇടകലര്‍ന്ന് താമസിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് അസോസിയേഷനുകള്‍ ഒരുങ്ങുന്നത്.
അതേസമയം നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് എതിര്‍പ്പുകള്‍ക്ക് കാരണമെന്നും ബോധവൽക്കണത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് സര്‍ക്കാര്‍. പക്ഷേ ഇതോടൊപ്പമാണ് തൃശൂര്‍ ഉള്‍പ്പെടെ പലയിടത്തും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നത്.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ തകര്‍ക്കുന്ന സംഭവം വരെയുണ്ടായി. ഇതിനിടെയാണ് വിദേശത്ത് വരുന്നവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കുന്നത്. ഇതോടെ അപ്പാര്‍ട്മെന്‍റുകളുടെയും ഫ്ലാറ്റുകളുടെയും അസോസിയേഷനുകളും എതിര്‍പ്പുമായി രംഗത്തെത്തി. രോഗവ്യാപനത്തിന് ഇതിടയാക്കുമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
കൊവിഡിനെക്കുറിച്ചുള്ള ശരിയായ ബോധവത്കരണത്തിലൂടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വീടുകളിലെ നിരീക്ഷണം മികച്ച രീതിയില്‍ നടത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ എതിര്‍പ്പുകള്‍ എത്രമാത്രം പ്രസക്തമാണെന്നതും ചോദ്യമായി ഉയരുന്നുണ്ട്.