തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗലക്ഷണമില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖ തയ്യാറായി. നിരീക്ഷണത്തില്‍ പോകാന്‍ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം, ശുചിമുറി ഉള്ള മുറിയില്‍ തന്നെ കഴിയണം, ആരോഗ്യവിവരങ്ങള്‍ അപ്പപ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണം എന്നിവയാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍.
കുടുംബത്തിലെ ആരോഗ്യമുള്ള ഒരാള്‍ രോഗിയുടെ ആരോഗ്യ നിലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. രോഗിയുടെ ആരോഗ്യനില വഷളാവുകയാണെങ്കില്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. കുടുംബത്തില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ ആരോഗ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സംഘം വിലയിരുത്തണം. കൊവിഡ് രോഗിയ്ക്ക് പത്താം ദിവസം ആന്റിജന്‍ പരിശോധന നടത്തും. നെഗറ്റീവ് ആയാലും 7 ദിവസം കൂടി വിശ്രമം അനിവാര്യമാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങളും ബന്ധപ്പെടേണ്ട നമ്ബറുകളും നല്‍കണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇവരെ ഫോണ്‍ വഴിയും വീഡിയോ കോള്‍ വഴിയും ദിവസവും ബന്ധപ്പെടും. മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കും. പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. അത് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.