ജലദോഷം എന്ന വാക്കിൽ തന്നെ പ്രതി മഴയോ വെള്ളമോ ആണെന്ന സൂചനയുണ്ട്. ഇംഗ്ലീഷിൽ കോമൺ കോൾഡ് എന്ന പേരുവന്നതും ഇതുകൊണ്ടുതന്നെ. വൈറസുകളാണ് ജലദോഷത്തിന് കാരണക്കാർ എന്ന് എല്ലാവർക്കും അറിയാം.
മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഭൂമിയിൽ ഏറ്റവും കൂടുതൽ ആൾക്കാർക്ക് പിടിപെടുന്ന അസുഖമാണിത്. മുതിർന്നവർക്ക് ഒരു കൊല്ലം രണ്ട് മൂന്നു തവണയും കുട്ടികൾക്ക് ഏഴെട്ട് തവണയും ജലദോഷം ഉണ്ടാകുന്നുണ്ട്.
മൂക്കൊലിപ്പും മൂക്കടപ്പും തലവേദനയും തൊണ്ടവേദനയും ചുമയും മാത്രമല്ല ഒരു പനിയും കൂടി അനുബന്ധമായി ചിലപ്പോൾ ഉണ്ടാകും. മഴകൊണ്ടാൽ പനിയും ജലദോഷവും വരും എന്നത് പണ്ടേ ഉള്ള വിശ്വാസമാണ് – നനഞ്ഞ തല തോർത്തിയില്ലെങ്കിൽ തലയോട്ടിനുള്ളിലൂടെ വെള്ളം കയറി അതാണ് മൂക്കൊലിപ്പായി വരുന്നത് എന്ന് കരുതുന്നവർ കൂടിയുണ്ട്.
എങ്കിൽ പിന്നെ വെള്ളത്തിൽ മുങ്ങി നീന്തുന്നവരുടെയും കക്കയും മണലും വാരുന്നവരുടെയും മൂക്കിൽ നിന്ന് സ്ഥിരമായി പുഴ ഒഴുകേണ്ടതാണ്. മഴക്കാലം ജലദോഷക്കാലമാകാൻ പല കാരണങ്ങൾ ഉണ്ട്. കുറഞ്ഞ താപം, ആർദ്രതയിലുള്ള വ്യത്യാസം എന്നിവ വൈറസുകൾക്ക് വളരെ ഗുണകരമാണ്. കേറിക്കൂടി വളരാൻ പറ്റുന്ന കോശങ്ങളുടെ ലഭ്യത മഴക്കാലത്ത് കൂടുതലാണ്.
ആളുകൾ തണുപ്പ് മൂലം വീടുകളിലും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കൂടുതൽ അടുത്തടുത്ത് ഇരുന്ന് ഏറെ സമയം ചിലവഴിക്കുന്നതിനാൽ പകരൽ ഏളുപ്പമാണ്. ബസുകളിലും മറ്റും ജാലകങ്ങൾ അടച്ചിട്ട് യാത്രചെയ്യുന്നതിനാലും കൂടുതൽ ആളുകളിൽ ഈ വൈറസ് പകർന്ന് എത്തും. തണുപ്പ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ കഴിവുകൾ കുറയുന്നതും വീണ്ടും വീണ്ടും ജലദോഷം പിടികൂടാൻ കാരണമാണ്.
തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷം പെട്ടെന്ന് കുറയാന്‍ സഹായിക്കും. തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ഫലം നല്‍കും. ഒരു കപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നതും ജലദോഷം മാറാന്‍ സഹായിക്കാം.വെള്ളം ധാരാളം കുടിക്കുക.
നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് തൊണ്ട നനവുള്ളതായിരിക്കാനും തൊണ്ടയടപ്പ് മാറാനും സഹായിക്കും. ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത ഔഷധ ചായകള്‍ കുടിക്കുന്നതും നല്ലതാണ്. ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുന്നതും മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ മാറാന്‍ സഹായിക്കും.