ഇന്ത്യൻ വാഹന വിപണിയിൽ പല മികച്ച ബൈക്കുകളുടെ സ്കൂട്ടറുകളും വന്നിട്ടുണ്ട് എങ്കിലും വർഷങ്ങളോളം വിൽപ്പനയിൽ ഒന്നാമനായി നിലനിൽക്കാൻ കഴിഞ്ഞ ഏത് മോഡലുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഹോണ്ട ആക്ടിവ (Honda Activa). 22 വർഷം നീണ്ട ചരിത്രത്തിനിടയിൽ കാലത്തിന് അനുസരിച്ച മാറ്റങ്ങളോടെ ഈ സ്കൂട്ടർ ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായി നിലനിൽക്കുന്നു. ഈ കാലയളവിനിടയ്ക്ക് ആക്ടിവയുമായി മത്സരിക്കാൻ എത്തിയവരെല്ലാം തോറ്റ് പിന്മാറിയിട്ടുമുണ്ട്. രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ ഹോണ്ട ആക്ടിവ നേടിയെടുത്ത സ്ഥാനം എത്രത്തോളണാണ് എന്നറിയാൻ വിൽപ്പന കണക്കുകൾ തന്നെ മതിയാകും. കഴിഞ്ഞ ദിവസം ഹോണ്ട ആക്ടിവ 3 കോടി യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കിയതായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) അറിയിച്ചു. 2001ൽ ആദ്യമായി ലോഞ്ച് ചെയ്ത ഹോണ്ട ആക്ടിവ 22 വർഷത്തെ യാത്രയിൽ കാലത്തിന് അനുസരിച്ച് മോഡലുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് കോടി വിൽപ്പന പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടറാണ് ഹോണ്ട ആക്ടിവ.
2001ൽ ലോഞ്ച് ചെയ്ത ശേഷം 2005-2006 കാലയളവിൽ ആക്ടിവ സ്‌കൂട്ടർ 10 ലക്ഷം വിൽപ്പന പിന്നിട്ടിരുന്നു. പിന്നീട് 2008-2009 കാലയളവിൽ ഈ സ്‌കൂട്ടറിന് പുതിയ 110 സിസി എഞ്ചിനും കോംബി-ബ്രേക്ക് സിസ്റ്റവും ഇക്വലൈസറും ലഭിച്ചു. ഈ പുതുക്കലുകൾക്ക് ശേഷവും വിൽപ്പനയിൽ വലിയ കുതിപ്പ് ഉണ്ടായി. 2013-14 കാലയളവിൽ മെച്ചപ്പെട്ട ട്രാൻസ്മിഷനും കമ്പോസ്റ്റനും ഉള്ള ആക്ടിവ ഐ സ്കൂട്ടർ ഹോണ്ട വിപണിയിലെത്തിച്ചു. ഈ മോഡലിന്റെയും വരവ് വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചു.
2015ൽ ചില ഡിസൈൻ മാറ്റങ്ങളോടെയാണ് ഹോണ്ട ആക്ടിവയുടെ 125 സിസി പതിപ്പ് പുറത്തിറങ്ങുന്നത്. 2017-18 കാലയളവിൽ എൽഇഡി ഹെഡ്‌ലാമ്പും പൊസിഷൻ ലാമ്പും ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി പുതിയ ഡീലക്സ് വേരിയന്റിൽ ആക്ടിവ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ അനലോഗ് മീറ്ററും സീറ്റ് ഓപ്പണർ സ്വിച്ചോടുകൂടിയ 4-ഇൻ-1 ലോക്കും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. ഈ പുതിയ ഫീച്ചറുകളും ഹോണ്ട ആക്ടിവയുടെ ജനപ്രിതി വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. 2018-19 കാലയളവിലാണ് ബിഎസ്6 എഞ്ചിനുമായി ഹോണ്ട ആക്ടിവ വരുന്നത്. ഇതിൽ ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, എഞ്ചിൻ ഇൻഹിബിറ്ററോട് കൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയും പുതിയ സൈലന്റ് സ്റ്റാർട്ട് സാങ്കേതികവിദ്യയും ഉണ്ടായിരുന്നു. ഹോണ്ട 2019-20 കാലയളവിൽ ആക്ടിവയുടെ 20-ാം വാർഷിക ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിരുന്നു. ആക്ടിവ 6ജി എന്ന മോഡലിലാണ് ഈ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചത്.