ഒന്നിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അണിയിച്ചൊരുക്കുന്നതിൽ മികവ് തെളിയിച്ചവരാണ് ഹോണ്ടയുടെ ചൈനീസ് ഉപസ്ഥാപനമായ വുയാങ് ഹോണ്ട. അന്ന് യു-ഗോ എന്നൊരു കിടിലന്‍ ഇലക്‌ട്രിക് സ്‌കൂട്ടറിനെയാണ് വിപണിയിൽ എത്തിച്ചത്. ഇപ്പോള്‍ അതേ ശ്രേണിയിലെ രണ്ടാമത്തെ ഉല്‍പ്പന്നത്തെയും കൂടി അവതരിപ്പിക്കുകയാണ് കമ്പനി.
രൂപത്തിലും ഭാവത്തിലും വളരെ സമൂലമായ ഇലക്ട്രിക് സ്‌കൂട്ടറിനെ യൂ-ബീ എന്നാണ് ഹോണ്ട വിളിക്കുന്നത്. ചെറിയ സിറ്റി യാത്രകൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു സിംഗിൾ സീറ്റ് ഇലക്ട്രിക് സ്കൂട്ടറാണിത്. പലചരക്ക് സാധനങ്ങള്‍, ലഗേജ് മുതലായവ പോലുള്ള ഭാരമേറിയ വസ്തുക്കള്‍ കൊണ്ടുപോകാന്‍ യൂ-ബിയ്ക്ക് ഒരു വലിയ ഫ്ലോര്‍ബോര്‍ഡ് ഉണ്ട്. സ്കൂട്ടറിന്റെ മൊത്തം ഭാരം കുറയ്ക്കുക എന്നതാണ് അടിസ്ഥാന ആശയം. ഇത് ബാറ്ററിയില്‍ നിന്ന് കൂടുതല്‍ റേഞ്ച് കൈവരിക്കാനും മോഡലിനെ സഹായിക്കും.
ചില പ്രധാന സ്റ്റൈലിംഗ് ഘടകങ്ങളിൽ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ട്രെൻഡി ഹെഡ്‌ലാമ്പ്, ഷാർപ്പ് ടെയിൽ ലാമ്പ്, ക്വിറ്റഡ് പാറ്റേണുള്ള കോംഫൈ, ഡ്യുവൽ-ടോൺ സാഡിൽ എന്നിവയും കമ്പനി ചേർത്തിട്ടുണ്ട്. സ്പീഡ്, ഓഡോമീറ്റർ, മൈലേജ്, വോൾട്ടേജ്, ബാറ്ററി നില എന്നിങ്ങനെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റൈലിഷ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്.
ശബ്ദവും വൈദ്യുതി ഉപഭോഗവും കുറവായ ഉയർന്ന കാര്യക്ഷമതയുള്ള മോട്ടോറാണിതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഉയർന്ന പെർഫോമൻസുള്ള കൺട്രോളർ ഉപയോഗിച്ച് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള റൈഡ് ഡൈനാമിക്സ് കൂടുതൽ മെച്ചപ്പെടുത്താനും ഹോണ്ട ശ്രദ്ധിച്ചിട്ടുണ്ട് എന്നകാര്യം എടുത്തുപറയേണ്ട ഒന്നാണ്.
54 കിലോഗ്രാമാണ് ഹോണ്ട യൂ-ബി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൊത്തം ഭാരം. ആയതിനാൽ തന്നെ ഇത് ഹാൻഡിലിംഗ് കൂടുതൽ എളുപ്പമാക്കുന്നുണ്ട്. ചില ഉപഭോക്താക്കൾക്ക് കണ്ടുപിടിക്കാനാവുന്ന ഒരേയൊരു കുറവ് സ്കൂട്ടറിന്റെ പരമാവധി 25 കിലോമീറ്ററാണ്. വാഹന പ്രേമികള്‍ ഏറെ കാത്തിരുന്ന മോഡലുകള്‍ കൂടിയാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചത്. 2024 ആകുമ്പോഴേക്കും കുറഞ്ഞത് മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.
.