ഹോണ്ട മോട്ടോർസൈക്കിൾ സ്കൂട്ടർ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഹോണ്ട ഷൈൻ 125ന്റെ (Honda Shine 125) പുതുക്കിയ പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഒബിഡി മാനദണ്ഡങ്ങൾ പാലിക്കുന്ന വിധത്തിൽ പുതുക്കിയ വാഹനമാണ് ഇത്. 79,800 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ബൈക്കിന് അടുത്തിടെ ഹോണ്ട പ്രഖ്യാപിച്ച 10 വർഷത്തെ വാറന്റിയും ലഭിക്കും. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിക്കൊപ്പം 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറന്റിയുമാണ് ഹോണ്ട ഷൈൻ 125ന് ലഭിക്കുന്നത്.
ഇന്ത്യയിലെ ഇരുചക്രവാഹനങ്ങൾക്ക് ഏപ്രിൽ 1 മുതൽ നിർബന്ധമാക്കിയ ഒബിഡി2 കംപ്ലയിന്റ് എഞ്ചിനാണ് ഹോണ്ട ഷൈൻ 125ൽ വന്നിരിക്കുന്ന പ്രധാന മാറ്റം. ഓൺ ബോർഡ് ഡയഗ്‌നോസ്റ്റിക്‌സ് സിസ്റ്റത്തിന്റെ (OBD2-A) ഏറ്റവും പുതിയ പതിപ്പാണ് ഇത്. ഇതിലൂടെ വാഹനത്തിൽ തകരാർ സംഭവിച്ചാൽ കൺസോൾ ലൈറ്റുകളിലൂടെ ഈ പ്രശ്നം വാഹനം ഓടിക്കുന്ന ആളിനെ അറിയിക്കുന്നു. ഹോണ്ട ഷൈൻ 125ന്റെ 2023 പതിപ്പ് രണ്ട് ബ്രേക്കിങ് ഓപ്ഷനുകളെ അടിസ്ഥാനമാക്കി വേരിയന്റുകളിൽ ലഭ്യമാണ്.
മുകളിൽ സൂചിപ്പിച്ചത് പോലെ 2023 മോഡൽ ഹോണ്ട ഷൈൻ 125 ബ്രേക്കിനെ അടിസ്ഥാനമാക്കി ഡ്രം, ഡിസ്ക് എന്നീ വേരിയന്റുകളിൽ ലഭ്യമാകും. ഡിസ്ക് ബ്രേക്കുള്ള ഹോണ്ട ഷൈൻ 125ന് 83,800 രൂപ എക്സ് ഷോറൂം വിലയുണ്ട്. ഈ വാഹനം അഞ്ച് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ, റിബൽ റെഡ് മെറ്റാലിക്, ഡീസെന്റ് ബ്ലൂ മെറ്റാലിക് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. ഹോണ്ട ഷൈൻ 125ന് കരുത്ത് നൽകുന്നത് ബിഎസ്6 ഒബിഡി2 കംപ്ലയന്റ് 125സിസി PGM-FI എഞ്ചിനാണ്. എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) ഫീച്ചറുമായിട്ടാണ് ഈ എഞ്ചിൻ വരുന്നത്. ഈ 125 സിസി എഞ്ചിൻ 10.3 എച്ച്പി പീക്ക് പവറും 11 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർബോക്സാണ് ഹോണ്ട ഷൈൻ 125ൽ ഉള്ളത്. ഈ എഞ്ചിനിൽ ഹോണ്ട ഫ്രിക്ഷൻ റിഡക്ഷൻ സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്.
ഹോണ്ട ഷൈൻ 125യുടെ എഞ്ചിനിലുള്ളത് പിസ്റ്റൺ കൂളിങ് ജെറ്റാണ്. ഇതിലൂടെ ഘർഷണം കുറയ്ക്കുകയും എഞ്ചിൻ താപനില പരമാവധി നിലനിർത്തുകയും ചെയ്യുന്നു. ഓഫ്‌സെറ്റ് സിലിണ്ടറും റോക്കർ റോളർ ആമിന്റെ ഉപയോഗവും ഫ്രിക്ഷൻ ലോസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ സുഗമവും മികച്ചതുമായ പവർ ഔട്ട്‌പുട്ട് വാഹനത്തിന് ലഭിക്കും. അതുകൊണ്ട തന്നെ മികച്ച ഇന്ധനക്ഷമതയും ഹോണ്ട ഷൈൻ 125 നൽകുന്നുവെന്ന് കമ്പനി വ്യക്തമാക്കി.
ഹോണ്ട ഷൈൻ 125 2023 മോഡലിൽ സൈലന്റ് സ്റ്റാർട്ടിനായി ഹോണ്ട എസിജി മോട്ടോറാണ് നൽകിയിട്ടുള്ളത്. ഈ വാഹനത്തിൽ ഹാലൊജൻ ഹെഡ്‌ലാമ്പുമുണ്ട്. സ്റ്റാർട്ട്/സ്റ്റോപ്പ് എഞ്ചിൻ സ്വിച്ച്, ഫ്യുവൽ ഗേജ് ഉള്ള അനലോഗ് സ്പീഡോമീറ്റർ എന്നിവയും ഹോണ്ട ഷൈൻ 125 മോട്ടോർസൈക്കിളിൽ ഹോണ്ട നൽകിയിട്ടുണ്ട്. ഈ ബൈക്കിൽ ട്യൂബ്‌ലെസ് ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകളാണ് ഹോണ്ട നൽകിയിട്ടുള്ളത്. ഹോണ്ട ഷൈൻ 125 മോട്ടോർസൈക്കിളിൽ സസ്‌പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളാണുള്ളത്. പിന്നിൽ അഞ്ച്-ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ടൈപ്പ് ഷോക്ക് അബ്‌സോർബറുകളും നൽകിയിട്ടുണ്ട്. ഇക്വലൈസറോട് കൂടിയ കോംബി ബ്രേക്കിംഗ് സംവിധാനമാണ് ഹോണ്ട ഷൈൻ 125 ബൈക്കിലുള്ളത്. മുൻവശത്ത് 130 എംഎം ഡ്രം ബ്രേക്കോ 240 എംഎം ഡിസ്‌ക് ബ്രേക്കോ ലഭിക്കും. ബൈക്കിന് പിന്നിൽ 130 എംഎം ഡ്രം ബ്രേക്കാണുള്ളത്.