കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തേൻ സംസ്കരണ യൂണിറ്റ് ഇനി യന്ത്ര സഹായത്തോടെ പ്രവർത്തിക്കും. ഇതിനായി ഹണിപ്രോസസിംഗ് മെഷീൻ അടക്കമുള്ള യന്ത്ര സാമഗ്രിഹികൾ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനം വകുപ്പ് എത്തിച്ചു. സാധാരണ രീതിയിൽ തേൻ സാംസ്‌കരിക്കപെടുമ്പോൾ തേനിൽ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങൾ മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ വേർതിരിക്കാൻ പ്രയാസം അനുഭവപെട്ടിരുന്നു. എന്നാൽ പുതിയ മെഷീനിൽ തേനിൽ അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ പൊടി അടക്കം ഉള്ളവർ വേർതിരിച്ച് എടുക്കുവാനും കൂടാതെ തേനിൽ അടങ്ങിയിരിക്കുന്ന ജലാംശം പൂർണ്ണമായി വലിച്ചെടുത്ത് തേൻ കേട് കൂടാതെ ഏറെക്കാലം സംസ്കരിക്കുവാനും സാധിക്കും എന്നതാണ് പുതിയ യന്ത്രത്തിന്റെ പ്രത്യേകത.
തൃശൂരിൽ നിന്നുള്ള കൺസൈസ് എന്ന കമ്പനി മുഖേനയാണ് തേൻ സംസ്കരണ യന്ത്രം കോന്നിയിൽ സ്ഥാപിച്ചത്. തേൻ സംസ്കരിക്കുന്ന രീതി അടക്കം ജീവനക്കാർക്ക് ഇവർ പഠിപ്പിച്ച് നൽകും. നിലവിൽ യന്ത്രം സ്ഥാപിച്ചു എങ്കിലും പൂർണമായി പ്രവർത്തനക്ഷമായിട്ടില്ല. മറ്റ് സജീകരണങ്ങൾ കൂടി നടപ്പാക്കിയ ശേഷം പൂർണ്ണമായി പ്രവർത്തന ക്ഷമം ആകുമെന്ന് ഇക്കോ ടൂറിസം അധികൃതർ പറഞ്ഞു. കോന്നിയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നും വനത്തിൽ നിന്ന് ശേഖരിക്കുന്ന തേൻ ആണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിറ്റഴിക്കുന്നത്. ഇതിന് ആവശ്യക്കാരും ഏറെയാണ്.