കൊച്ചി : മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ പെടുത്തി പണവും കാറും തട്ടിയെടുത്ത കേസില്‍ 3 പേര്‍ കൂടി പോലീസ് പിടിയിലായി. നെല്ലിക്കുഴി കാപ്പുചാലില്‍ മുഹമ്മദ് യാസീന്‍ (22), കുറ്റിലഞ്ഞി പുതുപ്പാലം കാഞ്ഞിരക്കുഴി ആസിഫ് (19), നെല്ലിക്കുഴി പറമ്പി റിസ്വാന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. നെല്ലിക്കുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിന്‍ (19) എന്നിവര്‍ ബുധനാഴ്ച പിടിയിലായിരുന്നു. 9 പ്രതികളില്‍ 4 പേര്‍ ഒളിവിലാണ്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ ആര്യ തന്നെയാണു ലോഡ്ജിലേയ്ക്കു വിളിച്ചുവരുത്തിയതെന്നു പോലീസ് പറഞ്ഞു. ഈ സമയം മുറിയിലെത്തിയ ആര്യയുടെ സുഹൃത്തുക്കള്‍ സ്ഥാപന ഉടമയെയും ആര്യയെയും ചേര്‍ത്തുനിര്‍ത്തി അര്‍ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയാണു ഭീഷണിപ്പെടുത്തിയത്. എടിഎം കാര്‍ഡ് ഉപയോഗിച്ചു 35,000 രൂപ പ്രതികള്‍ പിന്‍വലിച്ചു. തട്ടിയെടുത്ത കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എസ്‌ഐ ഉള്‍പ്പെടെ 6 പോലീസുകാര്‍ ക്വാറന്റീനിലായി.