കൊച്ചി : ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കുന്നു. രഹസ്യമൊഴി ഇഡിയ്ക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിര്‍ത്ത സാഹചര്യത്തിലാണ് സ്വപ്ന കോടതിയെ സമീപിക്കുന്നത്. രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിയ്ക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന കസ്റ്റംസ് നിലപാടില്‍ ദുരൂഹത ആരോപിച്ചാണ് സ്വപ്നയുടെ നീക്കം. രഹസ്യമൊഴി നല്‍കിയയാള്‍ പകര്‍പ്പാവശ്യപ്പെട്ടാല്‍ കോടതിയ്ക്ക് നിഷേധിക്കാനാവില്ല. കേസില്‍ കസ്റ്റംസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്വപ്ന രഹസ്യമൊഴി ആവശ്യപ്പെടുന്നത്.
രഹസ്യമൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളിയിരുന്നു. ഡോളര്‍ കടത്തുക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു കോടതി ഉത്തരവിട്ടത്. രഹസ്യമൊഴി നല്‍കുന്നതിനെ അന്വേഷണ ഏജന്‍സിയായ കസ്റ്റംസ് എതിര്‍ത്തിരുന്നു.
രഹസ്യമൊഴി നല്‍കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവാണ് കസ്റ്റംസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അന്വേഷണം പൂര്‍ത്തിയാകാത്ത കേസുകളില്‍ രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കരുതെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നതെന്ന് കസ്റ്റംസ് വാദിച്ചു. ഇത് കണക്കിലെടുത്തായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്. സ്വപ്നയുടെ രഹസ്യമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സിപിഎം നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതിനുശേഷം അടുത്ത ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനാണ് സ്വപ്ന ഒരുങ്ങുന്നത്.