പത്തനംതിട്ട : ജില്ലയിലെ ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ ഇതുവരെ കര്‍ഷകരില്‍ നിന്നും കൃഷിസ്ഥലത്തുപോയി മൂന്നു ടണ്ണില്‍ അധികം പച്ചക്കറി സംഭരിച്ചതായി ഹോര്‍ട്ടിക്കോര്‍പ്പ് ജില്ലാ മാനേജര്‍ എം.സജിനി അറിയിച്ചു. ജില്ലയിലെ അടൂര്‍ പഴകുളത്തുള്ള ഹോര്‍ട്ടികോര്‍പ്പിന്‍റെ സംഭരണവിതരണ കേന്ദ്രത്തില്‍ നിന്നും വിവിധ സ്റ്റാളുകളില്‍ നിന്നും ലൈസന്‍സികളില്‍ നിന്നും പച്ചക്കറി ശേഖരിക്കുന്നുണ്ട്.
കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള പച്ചക്കറികളും അതിഥി തൊഴിലാളികള്‍ക്കായുള്ള ക്യാമ്പുകളിലേക്കുള്ള പച്ചക്കറികളും എത്തിക്കുന്നതും ഹോര്‍ട്ടികോര്‍പ്പുകളാണ്. പച്ചക്കറി സംഭരണത്തിനും വിതരണത്തിനും ഹോര്‍ട്ടികോര്‍പ് അധിക ചാര്‍ജുകള്‍ ഈടാക്കുന്നതല്ല. മാര്‍ക്കറ്റ് വിലയിലാണ് പച്ചക്കറി സംഭരിക്കുന്നത്. കര്‍ഷകരില്‍നിന്നു കിട്ടാത്ത പച്ചക്കറികള്‍ ഇതര സംസ്ഥാനത്തു നിന്നു വാങ്ങി വില്‍പന നടത്തുന്നുണ്ടെന്നും ഹോര്‍ട്ടിക്കോര്‍പ്പ് ജില്ലാ മാനേജര്‍ എം.സജിനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 238191, 9048998558 എന്നീ നമ്പരില്‍ ബന്ധപ്പെടുക.