തേവലക്കര : ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട 6 പേരെ ആശുപത്രിയിലെത്തിച്ചത് സർവീസ് കഴിഞ്ഞ് അരിനല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ബസിൽ. എന്നാൽ ആശുപത്രി അധികൃതരുടെ തെറ്റിദ്ധാരണ മൂലം ബസ് ജീവനക്കാർക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത് 2 മണിക്കൂർ. ഇവരുടെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന ധാരണയിലായിരുന്നു ഇത്. ഒടുവിൽ പോലീസ് ഇടപെട്ടതോടെയാണ് ഇവർക്ക് തിരികെ പോകാനായത്.
തിങ്കളാഴ്ച രാത്രി 7നു ചവറ–അടൂർ റൂട്ടിൽ തേവലക്കര അരിനല്ലൂർ കുമ്പഴ ജംക്‌ഷനു സമീപം ഉണ്ടായ അപകടത്തിൽപ്പെട്ട 6 പേരെയാണ് സർവീസ് കഴിഞ്ഞ മടങ്ങിയ ‘ശ്രീഭദ്ര’ ബസിലെ ജീവനക്കാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്ഥിരം അപകട മേഖലയായ ഇവിടെ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നര വയസ്സുകാരൻ ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറാകാതിരുന്ന സാഹചര്യത്തിലാണ് ബസ് ഉടമയുടെ മകൻ മോനീഷ്, ജീവനക്കാരായ കോയിവിള പാവുമ്പ സ്വദേശികൾ ഗോകുൽ, അച്ചു എന്നിവർ രക്ഷകരായത്.
ആശുപത്രിയിലെത്തിച്ചു പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇവർ മടങ്ങാനൊരുങ്ങിയെങ്കിലും ആശുപത്രി അധികൃതർ തടയുകയായിരുന്നു. തുടർന്ന് തെക്കുംഭാഗം പോലീസിലും ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് എത്തിയാണ് ഇവരെ മടക്കി അയച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് ജീവനക്കാരോട് ഖേദം പ്രകടിപ്പിച്ചു.