പാലക്കാട്: ബസപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. പാലക്കാട് വാണിയംകുളത്താണ് സംഭവം. ഐസിയുവിനുള്ളില്‍ നിന്നും പാദസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പനയൂര്‍ സ്വദേശിയായ യുവതി ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. ഒറ്റപ്പാലം കൂനത്തറയിലുണ്ടായ ബസ് അപകടത്തില്‍ പരിക്കുപറ്റി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന പനയൂര്‍ ഉപ്പാമുച്ചിക്കല്‍ അജിന്റെ ഭാര്യ ചൈതന്യയുടെ ഇടതുകാലില്‍ ഉണ്ടായിരുന്ന ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ പാദസരം ഐ സി യുവില്‍ നിന്നും നഷ്ടപ്പെട്ടതയാണ് പരാതി.
ഇതേ ആശുപത്രിയിക്കുള്ളില്‍നിന്ന് മുന്‍പും സ്വര്‍ണാഭരണം മോഷണം പോയി എന്ന പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ചൈതന്യ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. തലയ്ക്കും വലതു കൈയിലും ഇടുപ്പിനുമാണ് ചൈതന്യയ്ക്ക് പരിക്കേറ്റിരുന്നത്. തലകറക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ സിടി സ്‌കാന്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ആ സമയത്ത് ആഭരണങ്ങള്‍ അഴിച്ചുവെക്കാനായി പറയുകയും ചെയ്തിരുന്നു. കാതിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങള്‍ ബന്ധുക്കള്‍ അഴിച്ചു വാങ്ങി എന്നും,കാലിലുണ്ടായിരുന്ന പാദസരം നൂലിട്ടു കെട്ടിയതിനാല്‍ അന്നേരം അഴിച്ചു വാങ്ങിയില്ല എന്നും പിന്നീട് ഐസിയുവില്‍ പ്രവേശിച്ച ശേഷം പാദസരം അഴിച്ച് കൂട്ടിരിപ്പുകാരെ ഏല്‍പ്പിക്കാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും ചൈതന്യ പറയുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ഇടതുകാലില്‍ നിന്നും പാദസരം കണ്ടാലറിയുന്ന രണ്ടു പേര്‍ ചേര്‍ന്ന് മുറിച്ചെടുത്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.