പത്തനംതിട്ട : വഴിതെറ്റി കയറിയതാണെങ്കിലും ശരി ……ഐ.സി.യുവില്‍ പിടിച്ചു കിടത്തും, പിന്നെ മൊത്തം ഊറ്റും. ചില സ്വകാര്യ ആശുപത്രിയിലെ കാര്യമാണിത്. ഇരയെ കിട്ടിയാല്‍ എന്തൊക്കെ ടെസ്റ്റ്, എത്ര പ്രാവശ്യം ചെയ്യാമോ അത്രയും ചെയ്യും. ആവശ്യമില്ലെങ്കിലും തരുന്ന മരുന്ന്‍ കഴിച്ചേ മതിയാകൂ. കുറഞ്ഞത് പത്തു ദിവസമെങ്കിലും രോഗിയെ ഐ.സി.യു വില്‍ കിടത്തണം. ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് കമ്മീഷനാണ്. ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചാല്‍ അതിനുവേറെ കമ്മീഷന്‍ ലഭിക്കും. ചുരുക്കം പറഞ്ഞാല്‍ ആശുപത്രി എന്നത് ചിലര്‍ക്ക് കച്ചവട സ്ഥാപനമാണ്.
കഴിഞ്ഞദിവസം പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പനിയുമായി എത്തിയ അമ്മച്ചിയെ ദിവസങ്ങളോളം ഐ.സി.യു വില്‍ കിടത്തി. മക്കള്‍ വിദേശത്താണെന്ന് ചോദിച്ചു മനസ്സിലാക്കിയതിനു ശേഷമായിരുന്നു ഈ നടപടി. ആദ്യത്തെ ഒരു ദിവസം കൊണ്ടുതന്നെ അമ്മച്ചിയുടെ പനിക്ക് ശമനം വന്നിരുന്നു. എന്നിട്ടും അമ്മച്ചിയെ ഐ.സി.യു എന്ന ഊറ്റുകേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയില്ല. വിവരം അറിഞ്ഞ് ഞങ്ങള്‍ ആശുപത്രിയുടെ പി.ആര്‍.ഓഫീസുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കിയ പി.ആര്‍ ഓ അല്‍പ സമയത്തിനുള്ളില്‍ മറുപടിയും നല്‍കി. ഡോക്ടര്‍ എക്സോട്ടിക്കയാണ് ചികിത്സിക്കുന്നതെന്നും അദ്ദേഹം പറയാതെ അവിടെനിന്നും പുറത്ത് ഇറക്കില്ലെന്നും ആ യുവാവ് പറഞ്ഞു. ഇവിടെ ഇത് സാധാരണയാണെന്നും ആരും പരാതി പറയാറില്ലെന്നും പറഞ്ഞ യുവാവ് അവസാനം തുറന്നു സമ്മതിച്ചു. ഐ.സി.യുവില്‍ കിടത്തേണ്ട അസുഖങ്ങള്‍ ഒന്നും അമ്മച്ചിക്ക് ഇല്ലെന്നും എന്നാല്‍ ഇക്കാര്യം ഡോക്ടര്‍ ആണ് തീരുമാനിക്കുന്നതെന്നും കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും പറഞ്ഞു.
ഇക്കാര്യം അറിഞ്ഞ ഡോക്ടര്‍ അമ്മച്ചിയുടെ ഭര്‍ത്താവിനോട് കയര്‍ത്തു. പത്രക്കാരോട് പറഞ്ഞത് എന്തിനാണെന്നും ഇതിനുള്ളത് ഞാന്‍ തന്നു കൊള്ളാം എന്നും ആ വയോധികരോട് ഭീഷണിപ്പെടുത്തി. അതുവരെയുള്ള ബില്‍ മുപ്പതിനായിരത്തില്‍ താഴെയായിരുന്നെങ്കില്‍ അടുത്തദിവസം നല്‍കിയ അവസാന ബില്‍ അറുപതിനായിരത്തിന്റെയായി. ബില്ലില്‍ ഐ.സി.യു വിന്റെ ചാര്‍ജ്ജ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒരു ഡോക്ടറുടെ വിസിറ്റിന് 1000 രൂപയും ലാബ് ടെസ്റ്റുകള്‍ക്ക് 8000 രൂപയും കൂടാതെ മരുന്നിന് 22000 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഇതിനെതിരെ പരാതിയുമായി നീങ്ങുവാനാണ് ബന്ധുക്കളുടെ തീരുമാനം.
ഒരു ഇരയെ കിട്ടിയാല്‍ ടെസ്റ്റുകള്‍ പലതു നടത്തി ഇല്ലാത്ത രോഗങ്ങള്‍ കണ്ടുപിടിച്ച് അതിനുവേണ്ടിയുള്ള ചികിത്സയും തുടര്‍ ചികിത്സയും നടത്തുന്നതാണ് പുതിയ രീതി. രോഗത്തെക്കുറിച്ച് രോഗിക്ക് അറിയാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ച് വിശദീകരിക്കും. രോഗം അതീവ ഗൌരവമേറിയതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഉദ്ദേശം. ആശങ്കയിലാകുന്ന രോഗിയും കൂടെ വന്നവരും ഡോക്ടര്‍ പറയുന്നത് അതേപടി അനുസരിക്കുവാന്‍ നിര്‍ബന്ധിതരാകും. ഡോക്ടറുടെ കച്ചവട തന്ത്രമാണ് ഇവിടെ വിജയിക്കുന്നത്. രോഗിയില്‍ നിന്നും എത്ര തുക ലഭിച്ചാലും അതിന്റെ വിഹിതം ചില ഡോക്ടര്‍മാര്‍ക്ക് ലഭിക്കും എന്നതിനാല്‍ ഈ കച്ചവടത്തിന് ആത്മാര്‍ഥത കൂടും. എന്നാല്‍ അടിയന്തിരമല്ലാത്ത ചികിത്സക്കും ഓപ്പറേഷനും തയ്യാറാകുന്നതിനുമുമ്പ് കുറഞ്ഞത് മൂന്ന് ആശുപത്രിയിലെങ്കിലും പ്രാഥമിക പരിശോധനകള്‍ ഇന്ന് പലരും നടത്താറുണ്ട്. ഇത്തരം നടപടികളിലൂടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഒരു ഏകദേശ ധാരണ ലഭിക്കും. ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന ഭീമമായ ബില്ലിനെതിരെ ആരും പ്രതികരിക്കാറില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരം മാറും. ഇതിനെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുവാനും ചിലര്‍ മടിക്കില്ല. എന്നാല്‍ ചില മത സ്ഥാപനങ്ങളും ട്രസ്റ്റുകളും നടത്തുന്ന ആശുപത്രികളുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തെപ്പറ്റി വലിയ പരാതികള്‍ ഇല്ല. സാമ്പത്തിക നേട്ടം മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് ചില സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ആശുപത്രികളെക്കുറിച്ചാണ് വ്യാപകമായി പരാതിയുണ്ട്.
സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനു തടയിടുവാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലീഷ്മെന്റ് നിയമം പാലിക്കുവാന്‍ പലരും തയ്യാറാകുന്നില്ല. നടപ്പിലാക്കുവാന്‍ അധികൃതര്‍ക്കും വലിയ താല്പര്യമില്ല. ഈ നിയമം അനുസരിച്ച് ആശുപത്രിയിലെ ചികിത്സകളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ ഓരോ വിഭാഗത്തിലും ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം. ലാബ് ടെസ്റ്റുകളും ഓപ്പറേഷന്റെ നിരക്കുകളും മുറിവാടകയും ഒക്കെ എത്രയെന്നു മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ ഇതുമൂലം രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും കഴിയുമായിരുന്നു. എന്നാല്‍ മിക്ക ആശുപത്രികളും ഈ നിയമം പാലിക്കുന്നില്ല എന്നത് ഗൌരവത്തോടെ കാണണം. അതുകൊണ്ടുതന്നെ രോഗവുമായി ചെല്ലുന്നവരെ പരമാവധി ചൂഷണം ചെയ്യുവാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കഴിയുന്നു. മരുന്നുകളുടെ കുറിപ്പടികള്‍ പോലും സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകരുത് എന്ന ഉദ്ദേശത്തിലാണ് എഴുതുന്നത്. ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ ഇനിയുണ്ടാകണം. എങ്കില്‍ മാത്രമേ ചില സ്വാകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കുവാന്‍ കഴിയു.
ചില ഡോക്ടര്‍മാരെ കാണണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. തന്റെ റൂമിന് പുറത്ത് എപ്പോഴും തിരക്ക് കാണണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്. കാരണം താന്‍ പ്രഗല്‍ഭനായ ഡോക്ടര്‍ ആണെന്ന് മറ്റുള്ളവര്‍ അറിയണമെങ്കില്‍ ഇതാണ് മാര്‍ഗ്ഗം. ജൂണിയര്‍ ഡോക്ടര്‍മാര്‍ വരെ ഈ തന്ത്രമാണ് ഇന്ന് അവലംബിക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ നിന്നും നിങ്ങള്‍ക്ക് ഇത്തരം ചൂഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. ഫോണ്‍ 94473 66263
സ്വകാര്യ ആശുപത്രിയിലെ പകല്‍കൊള്ളകള്‍ – തുടരും