പത്തനംതിട്ട : കക്കാട്ടാറ് വറ്റിവരണ്ടത് ജല വൈദ്യുത പദ്ധതികളെ ബാധിക്കും. ശബരിഗിരി പദ്ധതിയില്‍ വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന ജലമാണ് കക്കാട്ടാറിലെ ജല സമ്പത്തിന്റെ 60 ശതമാനവും. 360 മെഗാവാട്ട് ശേഷിയുണ്ടെങ്കിലും ഉത്പാദനം പകുതി കുറഞ്ഞതിനാല്‍ പിന്തള്ളുന്ന ജലവും കുറവാണ്. അതിനാല്‍ കക്കാട്ടാറിലേക്ക് അധികം ജലം എത്താറില്ല. ശബരിഗിരിയുടെ ടെയില്‍ റെയ്സ് പദ്ധതിയാണ് കക്കാട് പദ്ധതി (50 മെഗാവാട്ട്). കക്കാട്ടാറില്‍ ജല നിരപ്പ് കുറഞ്ഞതും ശബരിഗിരിയില്‍ നിന്നും പിന്തള്ളുന്ന ജലത്തിന് കുറവ് സംഭവിച്ചതും മൂഴിയാറിലെ കക്കാട് പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരു ജനറേറ്റര്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ ഉത്പാദന ശേഷി 25 മെഗാവാട്ടായി കുറഞ്ഞു.
പക്ഷേ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇതും പ്രവര്‍ത്തിക്കുന്നത്. ഇതോടെ യഥാര്‍ഥ ഉത്പാദനം പ്രതിദിനം ശരാശരി 10 മെഗാവാട്ട് മാത്രം. സീതത്തോട് കക്കാട് പവര്‍ ഹൗസില്‍ ഉത്പാദനം കുറഞ്ഞതിനാല്‍ കുറച്ചു ജലം മാത്രമേ കക്കാട്ടാറിലേക്ക് ഒഴുക്കി വിടുന്നുള്ളു. ഇത് താഴെയുള്ള ചെറുകിട ജല വൈദ്യുത പദ്ധതികളെ കാര്യമായി ബാധിക്കുന്നു. ഏഴ് മെഗാവാട്ട് ശേഷിയുള്ള സ്വകാര്യ വൈദ്യുതി നിലയമായ അള്ളുങ്കലില്‍ ഉത്പാദനം വൈകുന്നേരങ്ങളില്‍ മാത്രമാക്കി. മിനി ഡാമില്‍ ജലം തടഞ്ഞു നിര്‍ത്തിയിരിക്കുന്നതിനാല്‍ താഴെയുള്ള കാരികയം (15 മെഗാവാട്ട് ) പദ്ധതിയുടെ ജലസംഭരണിയും ശോഷിച്ച അവസ്ഥയിലാണ്. ഇവിടെയും പൂര്‍ണ തോതില്‍ വൈദ്യുതി ഉത്പാദനമില്ല.