കോട്ടയം : കേരളത്തിലെ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍പ്പെട്ട് കച്ചവടം മോശമായതിനെ തുടര്‍ന്ന് കടക്കെണിയിലായ ഹോട്ടലുടമ ആത്മഹത്യ ചെയ്തു. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിനു സമീപം വിനായക ഹോട്ടല്‍ നടത്തുന്ന സരിന്‍ മോഹന്‍ (38) ആണ് ആത്മഹത്യ ചെയ്തത്.
അശാസ്ത്രീയമായ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും സര്‍ക്കാരാണ് തന്റെ ആത്മഹത്യക്ക് ഉത്തരവാദിയെന്നും ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിവച്ച ശേഷം പുലര്‍ച്ചെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ലോക്‌ഡൗണ്‍ വരുത്തിവച്ച കടബാദ്ധ്യതകള്‍ ഇനിയൊരു ആറ് വര്‍ഷം കൂടി ജോലി ചെയ്താലും തീരില്ലെന്നും തന്റെ മരണത്തോടു കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ ഉപേക്ഷിച്ച് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ രക്ഷിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
6 മാസം മുന്‍പ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടല്‍ ആയിരുന്നു എന്റേത്. അശാസ്ത്രീയമായ ലോക്‌ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും.
ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും. ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം, കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം കൊറോണ പിടിക്കില്ല.
ഇങ്ങനെ പോകുന്നു തീരുമാനങ്ങള്‍. എല്ലാം തകര്‍ന്നപ്പോള്‍ ലോക്‌ഡൗണ്‍ എല്ലാം മാറ്റി ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി ബ്ലൈഡ് കാരുടെ ഭീഷണി. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാദ്ധ്യതകള്‍, ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്
എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍.
എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹായിക്കുക സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്.