തിരുവനന്തപുരം: വഴുതയ്ക്കാട് കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിൻരാജ് കൊല്ലപ്പെട്ടത് ജീവനക്കാരുമായുള്ള വാക്കുതർക്കത്തിനൊടുവിൽ ക്രൂരമായ മർദനമേറ്റ്. ജോലിക്കെത്താത്തതിനെക്കുറിച്ച് അന്വേഷിക്കാൻ ജീവനക്കാർ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് പ്രതികൾ ജസ്റ്റിൻരാജിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഹോട്ടലിലെ ജീവനക്കാരായ വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ്(39), ഡൽഹി സ്വദേശി ഡേവിഡ് ദിൽകുമാർ(31) എന്നിവരെ ചൊവ്വാഴ്ച രാത്രിയിൽ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജേഷ് ഹോട്ടലിലെ പാചകക്കാരനും ദിൽകുമാർ വെയിറ്ററുമാണ്. റസ്റ്ററന്റിന്റെ നാല് ഉടമകളിലൊരാളായ ഇടപ്പഴിഞ്ഞി ശ്രീ ലെയ്നിൽ കീർത്തനം വീട്ടിൽ ജസ്റ്റിൻരാജ്(60) ചൊവ്വാഴ്ച രാവിലെയാണ് മർദനമേറ്റു മരിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെയും പ്രതികൾ ആക്രമിച്ചിരുന്നു. മർദിച്ചശേഷം പ്രതികൾ ജസ്റ്റിൻരാജിനെ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മർദനത്തിൽ കഴുത്തിലെയും നെഞ്ചിലെയും അസ്ഥികൾ പൊട്ടുകയും മർദനത്തിൽ ശരീരമാസകലം മുറിവേൽക്കുകയും ചെയ്തിരുന്നു. മൃതദേഹം മറവുചെയ്യാൻ പ്രതികൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മൃതദേഹം വീടിനു പുറത്തുകൊണ്ടുവന്ന് മെത്ത ഉപയോഗിച്ച് മൂടിയിട്ടു. തുടർന്ന് ജസ്റ്റിൻരാജിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും സ്‌കൂട്ടറിന്റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.