കോഴിക്കോട് : വീര്യംകൂടിയ ലഹരിമരുന്നായ ആറ് ഗ്രാം എം.ഡി.എം.എ.യും 350 ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് മാവൂർറോഡിലെ ഹോട്ടലിൽ യുവതിയടക്കം എട്ടുപേർ പിടിയിലായി. ഹോട്ടലിൽ രണ്ട് ദിവസം മുന്‍പ് ഡി.ജെ പാർട്ടിനടന്നതായും പോലീസ് കണ്ടെത്തി.
വാഗമണ്ണിൽ കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത പെരുവയൽ കൈനടിപറമ്പത്ത് പി.വി ഹർഷാദ് (28), എരഞ്ഞിക്കൽ കളത്തിൽ ഹൗസിൽ കെ.അഭി (26), എലത്തൂർ പുതിയനിരത്ത് കാരത്തിൽ പി.അഭിജിത് (26), പെരുമണ്ണ കൊളായിമീത്തൽ കെ.എം അർജുൻ (23), ചേളന്നൂർ ഏഴേആറിലെ പാലോളിമീത്തലിൽ എം.എം മനോജ് (22), വെസ്റ്റ് മാങ്കാവ് പൂഞ്ചേരി ടി.ടി തൻവീർ അജ്മൽ (24), ബേപ്പൂർ നടുവട്ടം മീരാബൈത്തുൽ ഹൗസിൽ എം.മുഹമ്മദ് നിഷാം (26), മലപ്പുറം മേലാറ്റൂർ താഴേപ്പുറത്ത് ടി.പി ജസീന (22) എന്നിവരെയാണ് സിറ്റിപോലീസ് കമ്മിഷണറുടെ ഡെൻസാഫ് സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
നാലുദിവസം മുമ്പാണ് സംഘം ഇവിടെമുറിയെടുത്തത്. ഹർഷാദിന്റെ മുറിയിൽ നിന്നാണ് ഡി.ജെ പാർട്ടിയുടെ ഉപകരണങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കാലങ്ങളായി വീട്ടിൽ പോവാതെ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുകയാണ് ഇയാളുടെ പതിവ്. ഹർഷാദിനെയും അഭിജിതിനെയും കഴിഞ്ഞ ദിവസം പിക്കപ്പ് വാനിലെ ഡ്രൈവർക്ക് നേരെ തോക്ക് ചൂണ്ടിയതിന് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലെ ഒരു ലോഡ്ജിൽവെച്ച് അമിതമായി ലഹരിഉപയോഗിച്ച് യുവാവ് മരിച്ച കേസിൽ പ്രതിയായിരുന്നു തൻവീർ അജ്മല്‍. അർജുനെതിരെ ലഹരികടത്തിയതിനും പോലീസിനെ അക്രമിച്ചതിനും കേസുണ്ട്.
സംഘത്തെ പോലീസും എക്സൈസും ചോദ്യംചെയ്തു. പിടിയിലായവർക്ക് അന്തസ്സംസ്ഥാന ബന്ധമുണ്ടോ, ഡി.ജെ പാർട്ടിയിൽ ഇവർക്കുപുറമേ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ഗോവയിൽ നിന്നോ ബെംഗളുരുവിൽ നിന്നോ ആണ് ലഹരിമരുന്നുകൊണ്ടുവന്നതെന്നാണ് സംശയിക്കുന്നത്.
റെയ്ഡിൽ നടക്കാവ് എസ്.ഐ ബി.എസ് കൈലാസ്നാഥ്, സീനിയർ സിവിൽ പോലീസർമാരായ അനൂജ്, സജേഷ്, മാമുക്കോയ, രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, വിമൽ, രാജേഷ് ഡെൻസാഫ് സ്ക്വാഡിലെ എ.എസ്.ഐമാരായ മുഹമ്മദ്ഷാഫി, സജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോമോൻ, അഖിലേഷ്, സിവിൽ പോലീസ് ഓഫീസർ എം.ജിനേഷ് തുടങ്ങിയവർ പങ്കെടുത്തു.