മലപ്പുറം : സംസ്ഥാനത്ത് നാളെ 11 ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഹോട്ടല്‍ & റെസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം വലിയ തോതിലുള്ള മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ബാക്കി ജില്ലകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് മൂന്ന് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അസോസിയേഷന്‍ പറഞ്ഞു.
വഴിയോരങ്ങളിലെ അനധികൃത ഭക്ഷണ വില്‍പ്പന നിരോധിക്കണമെന്നും ഹോട്ടല്‍ ആന്‍റ് റസ്‍റ്ററന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്തെ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. പകുതി സീറ്റില്‍ മാത്രം ആളുകളെ ഇരുത്തുകയും ആറ് അടി അകലം പാലിക്കുകയും വേണം. ഇത് വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് വലിയൊരു വിഭാഗം ഹോട്ടല്‍ ഉടമകളും പറയുന്നത്. പാഴ്‍സല്‍ സര്‍വ്വീസ് മാത്രമാക്കി തുടരാനാണ് പലരുടേയും തീരുമാനം.
അതേസമയം ബസുകളിലും വാഹനങ്ങളിലും അടുത്തടുത്തിരുന്ന് യാത്ര ചെയ്ത് വരുന്നവര്‍ ഹോട്ടലുകളില്‍ ആറ് അടി അകലം പാലിക്കണമെന്ന നിര്‍ദേശത്തിന്റെ യുക്തി മനസിലാകുന്നില്ലെന്നും അസോസിയേഷന്‍ പറഞ്ഞു. ഉപഭോക്താക്കളെ ഒരു വാതിലില്‍കൂടി കയറ്റി മറ്റ് വാതിലില്‍കൂടി പുറത്തിറക്കണമെന്ന നിര്‍ദേശം ചെറുകിട ഇടത്തരം ഹോട്ടലുകളെ സംബന്ധിച്ച് അപ്രായോഗികമാണെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.