തിരുവനന്തപുരം: വലിയമലയിൽ വഴി തർക്കത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം നടത്തുന്ന അയൽവാസിയായ എസ്.ഐക്കെതിരെ അന്വേഷണം. ആലപ്പുഴ റെയിൽവെ എസ്‌ഐ ഷാനിഫിന് എതിരെയാണ് വലിയമല പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. റിസാനെയെന്ന യുവതിയുടെ വീട്ടിൽ കയറി ഷാനിഫ് അതിക്രമം കാണിച്ചെന്നാണ് പരാതി. രണ്ടുവർഷം മുമ്പുള്ള വഴി തർക്കത്തിന്റെ പേരിൽ സിവിൽ കേസ് നടക്കുന്നതിനിടെയാണ് ആലപ്പുഴ റെയിൽവേ എസ്.ഐയായ ഷാനിഫ് കഴിഞ്ഞ മാസം 28ന് അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് റിസാനയുടെ പരാതി.
മുറ്റത്ത് കിടന്ന സാധനങ്ങൾ ഷാനിഫും സംഘവും ചേർന്ന് നശിപ്പിചെന്ന് റിസാന പറഞ്ഞു. ഭർത്താവ് വിദേശത്തായതിനാൽ യുവതിയും കുഞ്ഞും മാത്രമാണ് വീട്ടിലുളളത്. ഇതുപോലെ നേരത്തെയും പലതവണ അതിക്രമം ഉണ്ടായിട്ടുണ്ടെന്ന് റിസാന പറഞ്ഞു. എന്നാൽ പല തവണ പോലീസ് ഷാനിഫിനെ വിളിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായില്ല. ഷാനിഫിനൊപ്പം കണ്ടാലറിയാവുന്ന 4 പേർക്കെതിരെ കൂടി കേസ് എടുത്തിട്ടുണ്ട്.