തിരുവല്ല : ഹൈക്കോടതി പോലീസ് സംരക്ഷണം നിർദേശിച്ചിരുന്നയാളുടെ വീടിനു നേരെ ആക്രമണം.സംഭവത്തിനു പിന്നിൽ സിപിഎം പ്രാദേശിക നേതാക്കളെന്ന് ഉടമ. കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ ചക്കശേരിയിൽ പി. കെ. സുകുമാരന്റെ വീടും വാഹനങ്ങളുമാണ് അടിച്ചു തകർത്തത്.
സുകുമാരന്റെ ചെറുമകൻ ശ്രാവണിനാണ് പരിക്കേറ്റത്. വീടിന്റെ ചുറ്റുമുള്ള ജനാലകൾ മുഴുവൻ അടിച്ചു പൊട്ടിച്ചു. പോർച്ചിലുണ്ടായിരുന്ന സ്കൂട്ടറുകളും നശിപ്പിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലോക്കൽ കമ്മിറ്റിയംഗത്തിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുടമ ആരോപിച്ചു. ഉടഞ്ഞു വീണ ജനാലയുടെ ചില്ല് തറഞ്ഞു കയറിയാണ് ഏഴുവയസുകാരനായ ശ്രാവണിനു പരിക്കേറ്റത്.
സുകുമാരന്റെ വസ്തുവിൽ മതിൽ കെട്ടുന്നതിനെതിരെ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് സുകുമാരൻ കോടതിയെ സമീപിച്ച് മതിൽ കെട്ടുന്നതിന് അനുകൂല വിധി സമ്പാദിച്ചു. രണ്ടാഴ്ച മുമ്പ് മതിൽ നിർമാണം ആരംഭിച്ചതോടെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിയുമായി വീണ്ടുമെത്തി. ഇതേ തുടർന്ന് ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച മതിൽ കെട്ടുകയായിരുന്നു. സിപിഎം പ്രാദേശിക നേതാക്കളിൽ ചിലരടക്കം 15 പേരെ പ്രതിയാക്കി സുകുമാരൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി തിരുവല്ല സി ഐ വിനോദ് പറഞ്ഞു. സുകുമാരന്റെ വീടിന് സമീപത്ത് നിന്നും 50 മീറ്റർ മാറി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരനായമട്ടയ്ക്കൽ രവീന്ദ്രന്റെ പെട്ടിക്കടയും തകർത്തിട്ടുണ്ട്.