ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകളിലേക്കും എത്തിയിട്ടുണ്ട് എന്ന് പരിശോധിച്ച് ഉറപ്പാക്കും. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ-19 പ്രതിരോധപ്രവര്‍ത്തനങ്ങളും ലോക്ഡൗണും സംബന്ധിച്ചുള്ള അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗ നിയന്ത്രണത്തില്‍ ജില്ല മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എം.അഞ്ജന, ജില്ല പോലീസ് മേധവി ജെയിംസ് ജോസഫ്, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
നിലവില്‍ ജില്ലയില്‍ 101 കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 9 വരെ പഞ്ചായത്തു കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 1,87,039 പേര്‍ക്കും നഗരസഭകള്‍ വഴി 44209 പേര്‍ക്കും ഭക്ഷണം എത്തിച്ചു. ആകെ 2,31,248 പേര്‍ക്ക് ഭക്ഷണം നല്‍കി. ഇതില്‍ 1,71,192 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നും ഭക്ഷണം നല്‍കേണ്ടവരുടെ പട്ടിക പ്രത്യേക പഞ്ചായത്തുതല കമ്മറ്റി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം എന്നാല്‍ ശുപാര്‍ശ നല്‍കേണ്ട കമ്മിറ്റികള്‍ വേണ്ടവിധത്തില്‍ തങ്ങളുടെ ദൗത്യം യഥാവിധി നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കും.
അര്‍ഹരായവര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ പരിശോധിച്ച് പരിഹരിക്കാനും കാണാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് സമാന്തരമായി സര്‍ക്കാര്‍ അറിയാതെ മറ്റ് സംഘടനകള്‍ ഭക്ഷണ വിതരണമോ കിറ്റ് വിതരണമോ പാടില്ല. ഇത്തരം പ്രവണത ജില്ലയുടെ പല ഭാഗങ്ങളില്‍ കാണുന്നുണ്ടെന്നും ഇത് നിരുത്സാഹപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
2000 ഐസൊലേഷന്‍ ബഡ്ഡുകള്‍ ഹൗസ്ബോട്ടില്‍ ഒരുക്കും
കോവിഡ് 19 നിയന്ത്രണങ്ങള്‍ ജില്ലയില്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും കൂടുതല്‍ ജാഗ്രത തുടരേണ്ടതുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ലോക്ഡൗണ്‍ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ വിദേശത്തുനിന്നും മറ്റും കൂടുതല്‍ ആളുകള്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രണ്ടായിരത്തോളം ഐസൊലേഷന്‍ ബെഡ്ഡുകള്‍ ഹൗസ് ബോട്ടുകളില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഹൗസ് ബോട്ട് ഉടമകളുമായി സംസാരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 16984 അന്യസംസ്ഥാന തൊഴിലാളികളാണ് ഉള്ളത്. 8375 പേര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണ സാമഗ്രികള്‍ എത്തിക്കുന്നു. 8609 പേര്‍ക്ക് അവരെ നിയോഗിച്ച കരാറുകാര്‍ തന്നെയാണ് ഭക്ഷണ പാര്‍പ്പിട സൗകര്യം ഏര്‍പ്പാടാക്കുന്നത്. ഇവര്‍ക്ക് ഈ ആഴ്ചത്തേക്കുള്ള ഭക്ഷണ സാമഗ്രികള്‍ രണ്ടാം ഘട്ടവിതരണത്തിലൂടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അഗതിമന്ദിരങ്ങള്‍ , അനാഥാലയങ്ങള്‍
ജില്ലയിലെ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധ സദനം, പുനരധിവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ 4221 പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. ഇത് കൂടാതെ അശരണരായിട്ടുള്ളവര്‍ക്ക് ചികിത്സാ സൗകര്യവും മരുന്നും ലഭ്യമാക്കാന്‍ നിലവില്‍ ആറ് മെഡിക്കല്‍ സംഘങ്ങളുള്ളത് ഒമ്പതാക്കി വര്‍ധിപ്പിക്കും. കുട്ടനാട്ടില്‍ രണ്ട് മെഡിക്കല്‍ സംഘത്തെ നിയമിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ സംഘത്തിലും ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരാണ് ഉള്ളത്.
സൗജന്യ റേഷന്‍ 91.37 ശതമാനം പേര്‍ വാങ്ങി
ജില്ലയില്‍ ഇതുവരെ പ്രശ്നരഹിതമായി റേഷന്‍ വിതരണം നടത്താന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. 91.37 ശതമാനം പേര്‍ സൗജന്യ റേഷന്‍ വാങ്ങിയിട്ടുണ്ട്. 5,88,259 കാര്‍ഡുകള്‍ ഉള്ളതില്‍ 537512 കാര്‍ഡുകള്‍ക്ക് റേഷന്‍ നല്‍കിക്കഴിഞ്ഞു. വിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് 1171 പരിശോധനകള്‍ സിവില്‍ സപ്ലൈസിന്റെയും ലീഗല്‍ മെട്രോളജിയുടെയും നേതൃത്വത്തില്‍ നടത്തി. ഇതില്‍ 237 പേര്‍ക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ നല്‍കുന്ന പലവ്യഞ്ജന കിറ്റുകളുടെ വിതരണവും ജില്ലയില്‍ പുരോഗമിക്കുന്നു. 1038 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കി. നാളെമുതല്‍ ശേഷിക്കുന്നത് നല്‍കും. ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന കാര്‍ഡുള്ള 40461 കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുക. രണ്ടാം ഘട്ടത്തില്‍ 241041 കുടുംബങ്ങള്‍ക്ക് നല്‍കും. മൂന്ന്, നാല് ഘട്ടങ്ങളിലായി മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കും. ഏപ്രില്‍ മാസത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതിക്ഷിക്കുന്നു. ജില്ലയില്‍ ആകെ 588259 കാര്‍ഡുടമകള്‍ക്കാണ് ഇത് ലഭിക്കുക.
ജില്ലയിലെ കൊയ്ത്ത് പൂര്‍ത്തിയാക്കാതെ കൊയ്ത്ത് യന്ത്രങ്ങള്‍ ജില്ല വിട്ട് പോകാന്‍ അനുവദിക്കരുതെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. കുട്ടനാട്ടിലെ കൊയ്ത്ത് സര്‍ക്കാര്‍ അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ കളക്ടര്‍ക്ക് അധികാരം ഉപയോഗിക്കാം. ജില്ലയിലെ 16194ഹെക്ടര്‍ പാടത്തെ കൊയ്ത് കഴിഞ്ഞു. ഇതുവരെ 91270 മെട്രിക് ടണ്‍ വിളവ് ലഭിച്ചു. ഇതില്‍ 83710 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 7560 മെട്രിക് ടണ്‍ ആണ് ഇനി സംഭരിക്കാനുള്ളത്. കഴിഞ്ഞ യോഗത്തിന് ശേഷം മികച്ച പ്രതികരണം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടായി. ബാക്കി 10469 ഹെക്ടറിലെ കൊയ്ത്ത് പൂര്‍ത്തിയാക്കാനുണ്ട്. യന്ത്രങ്ങളുടെ കുറവ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 100 യന്ത്രങ്ങള്‍ അധികമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കൂടാതെ പാലക്കാട് ജില്ല കളക്ടറുമായി കളക്ടര്‍ സംസാരിച്ച് അവിടെ കൊയ്ത്ത് തീര്‍ന്ന പാടശേഖരങ്ങളില്‍ നിന്ന് യന്ത്രങ്ങള്‍ എത്തിക്കുന്നതിന് ശ്രമിക്കും. 227 കോടി രൂപയുടെ നെല്ല് കുട്ടനാട്ടില്‍ നിന്ന് ഇതുവരെ എടുത്തതായി യോഗത്തില്‍ വിലയിരുത്തി. കൃഷിക്കാര്‍ക്ക് പണം കൊടുത്തുതുടങ്ങിയതായും വിലയിരുത്തി.
അകലം പാലിക്കണം
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ഇപ്പോഴും കലവൂര്‍, പുലയന്‍ വഴി മാര്‍ക്കറ്റ് പോലുള്ള സ്ഥലങ്ങളില്‍ പരസ്പര അകലം പാലിക്കപ്പെടുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ സഹകരിക്കണം. ഉദ്യോഗസ്ഥരും പോലീസും പ്രത്യേകം ഇത് ശ്രദ്ധിക്കണം.
തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കും
തൊഴിലുറപ്പ് തൊഴിലാളികളെ അഞ്ചുപേര്‍ വീതമുള്ള ചെറുസംഘങ്ങളാക്കി പണികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഉള്ള പണം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇവരെ തൊഴിലിന് നിയോഗിക്കുന്നത് സാമൂഹിക-കുടുംബങ്ങള്‍ക്ക് ഭദ്രതനല്‍കുമെന്ന് കരുതുന്നു. കോവിഡ് ബാധിച്ച് നിലവില്‍ ജില്ലയില്‍ 3പേരാണ് ചികിത്സയില്‍ തുടരുന്നത്. 10 ആശുപത്രികളില്‍ നിരീക്ഷണത്തിലുമുണ്ട്. ഒരു ജീവനും നമുക്ക് നഷ്ടപ്പെടാതെ സംരക്ഷിക്കാനായതിന് ജില്ലയിലെ ആരോഗ്യവിഭാഗവും ഭരണകൂടവും അഭിനന്ദനം അര്‍ഹിക്കുന്നതായി മന്ത്രി പറഞ്ഞു. പോലീസിന് നിര്‍ദ്ദേശം. പ്രധാന റോഡുകളില്‍ സഞ്ചാര പാതയില്‍ വാഹനങ്ങളിട്ട് കച്ചവടം നടത്തുന്നത് പോലീസ് തടയണമെന്ന് മന്ത്രി പറഞ്ഞു.