റാന്നി: വൃക്കരോഗിയായ സംരംഭകന്‍റെ വീട് ജപ്തി ചെയ്ത സംഭവത്തില്‍ കുടുംബ സഹായ ഫണ്ട് സ്വരൂപിക്കാന്‍ കമ്മറ്റി രൂപീകരിച്ച് നാട്ടുകാര്‍. ചെറുകുളഞ്ഞി കുന്നംപള്ളിൽ വീട്ടിൽ അശോകനേയും കുടുബത്തേയും സഹായിക്കാനാണ് നാട്ടുകാര്‍ സഹായഹസ്തവുമായി രംഗത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് റാന്നി കാതോലിക്ക് സിറിയന്‍ ബാങ്കിൽ നിന്നും തൊഴിൽ സംരംഭത്തിനായി വായ്പയെടുത്ത് കുടിശിഖ ആയതിന്‍റെ പേരില്‍ ജപ്തിക്കിരയായത്. 2018 ലെ പ്രളയത്തിൽ വർക്ക്ക്ഷോപ്പും വീടും മുഴുവനായും വെള്ളം കയറി നഷ്ടപ്പെട്ടിരുന്നു. എങ്കിലും വായ്പയുടെ ഏതാണ്ട് 10,65000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. പിന്നീട് ബാങ്കിന്റെ നിരന്തരമായ ഭീക്ഷണിയിൽ കഴിഞ്ഞു വരുമ്പോഴാണ് അശോകന്‍റെ ഇരു വൃക്കകളും തകരാറിലായത്. തുടർന്ന് എറണാകുളത്ത് ലേക്ക് ഷോർ ആശുപത്രിയിലെ ചികിത്സ നടത്തിയത് നാട്ടുകാരുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായം കൊണ്ടാണ്. ഇപ്പോൾ റാന്നി താലൂക്ക് ആശുപത്രിയിൽ ആഴ്ചയിൽ 2 ദിവസം ഡയാലിസിസ് നടത്തുകയാണ്. ഇതെല്ലാം നേരിട്ടു പറഞ്ഞിട്ടും ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത് അവരുടെ അധീന തയിലാക്കുകയായിരുന്നു.
കിടപ്പാടവും നഷ്ടപ്പെട്ടതോടെ കയറി കിടക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ് അശോകനും 2 പെൺകുട്ടികള്‍ക്കുമുള്ളത്. ഈ അവസ്ഥയിലാണ് റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണ്‍, രാജു ഏബ്രഹാം എക്സ്. എം.എല്‍.എ, പി.ആർ. പ്രസാദ് എന്നിവര്‍ രക്ഷാധികാരികളായും, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ ചെയർമാനും, വാർഡംഗം സാബു പാരുമലയിൽ കൺവീനറുമായി സഹായഫണ്ട് രൂപീകരിച്ചത്. ഇതിനായി അശോക് കുമാര്‍ എസ്.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റാന്നിയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍. 3439775785.ഐഎഫ്എസ് സി കോഡ് സിബിഐഎന്‍ 0280991