കാക്കനാട് : വീടുകള്‍ കുത്തിത്തുറന്നു മോഷണം നടത്തുന്ന ബംഗാള്‍, ന്യൂഡല്‍ഹി സ്വദേശികളായ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര, മരോട്ടിച്ചോട്, പാടിവട്ടം മേഖലകളിലെ ഒട്ടേറെ വീടുകളില്‍ നിന്നു മോഷ്ടിച്ച സ്വര്‍ണം ഉള്‍പ്പെടെ കണ്ടെടുത്തു. മുര്‍ഷിദാബാദ് ബാരംബൂര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (22), മുര്‍ഷിദാബാദ് പരാഷ്പൂര്‍ റാഷിദുല്‍ മുഹമ്മദ് (24), ജോലങ്കി പൊറാച്ചിപര റിപോണ്‍ ഹുസൈന്‍ (26), മുര്‍ഷിദാബാദ് ഡൊംഗല്‍ മിഥുന്‍ ഷെയ്ക്ക് (36), ന്യൂഡല്‍ഹി ഗോഗാല്‍പുരി മുഹമ്മദ് സലിം (48) എന്നിവരാണ് പിടിയിലായത്.
കളമശേരിയിലെ വാടക വീട്ടില്‍ താമസിക്കുന്ന ഇവര്‍ ആക്രി കച്ചവടത്തിന്റെ മറവിലാണു മോഷണം നടത്തിയിരുന്നത്. സ്വര്‍ണാഭരണങ്ങള്‍, ഓട്ടു വിഗ്രഹങ്ങള്‍, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, ഓട്ടു വിളക്കുകള്‍ തുടങ്ങിയവ പ്രതികളില്‍ നിന്നു കണ്ടെടുത്തു. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും അവ മൂര്‍ച്ച കൂട്ടാനുള്ള ഉപകരണങ്ങളും പോലീസിനു ലഭിച്ചു.
വാടക വീടിന്റെ പരിസരത്തു ആക്രി സാമഗ്രികള്‍ കൂട്ടിയിട്ടതിന്റെ സമീപത്തെ ചതുപ്പില്‍ ചാക്കില്‍ കെട്ടി പൂഴ്ത്തി വെച്ച നിലയിലായിരുന്നു വിഗ്രഹങ്ങളും ഓട്ടു വിളക്കുകളും. സ്വര്‍ണാഭരണം ചെറിയ പായ്ക്കറ്റുകളാക്കി മാലിന്യത്തിനിടയിലും റഫ്രിജിറേറ്ററിന് അടിയിലുമാണു സൂക്ഷിച്ചിരുന്നത്. പകല്‍ സൈക്കിളില്‍ ചുറ്റിയാണു രാത്രി മോഷണത്തിനുള്ള വീട് കണ്ടെത്തുന്നത്. ആളില്ലാത്ത വീടുകളിലാണ് മോഷണം. മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണു കവര്‍ച്ച.
സ്വര്‍ണവും വില കൂടിയ മറ്റു സാമഗ്രികളും പണവും കിട്ടാത്ത വീടുകളിലെ ഇന്‍വര്‍ട്ടറും ബാറ്ററിയും പൊതു ടാപ്പുമെല്ലാം ഇവര്‍ അഴിച്ചെടുക്കും. ഇവരുടെ താമസ സ്ഥലത്ത് ഇത്തരം ഒട്ടേറെ സാധനങ്ങള്‍ കണ്ടെത്തി. തൃക്കാക്കര സൗഭാഗ്യ നഗറിലെ വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്വര്‍ണം ഉള്‍പ്പെടെയുള്ള സാമഗ്രികളും ഇവരില്‍ നിന്നു ലഭിച്ചു. പ്രതികളെക്കുറിച്ചു സൂചന ലഭിച്ച പോലീസ് ഇവരുടെ താമസ സ്ഥലത്തെത്തിയപ്പോള്‍ മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു.
ഇയാളെ റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നു പിന്നീടു പിടികൂടി. തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ പി.വി.ബേബി, ഇന്‍സ്പെക്ടര്‍ ആര്‍.ഷാബു, എസ്‌ഐമാരായ പി.ബി.അനീഷ്, എന്‍.ഐ.റഫീഖ്, ബിനു, എഎസ്‌ഐമാരായ ഗിരീഷ്, ശിവകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്, ജാബിര്‍, വനിത പോലീസ് ഓഫീസര്‍ എം.എന്‍.ജയശ്രീ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.