തിരുവനന്തപുരം : വീടും പരിസരവും വൃത്തിയാക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളുമായി സര്‍ക്കാര്‍. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പരസ്യപ്പെടുത്താനാണ് തീരുമാനം.
തദ്ദേശ-ആരോഗ്യ വകുപ്പുകള്‍ രൂപവത്കരിക്കുന്ന ശുചിത്വ സ്‌ക്വാഡുകളാണ് ഇത്തരം വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക. സ്‌ക്വാഡുകള്‍ ശുചിത്വമാപ്പിങ്ങിലൂടെ കണ്ടെത്തുന്ന കാടുകയറിയ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ ഉടമകളോട് ആവശ്യപ്പെടും. ഉടമ സ്ഥലത്തില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം വൃത്തിയാക്കി ചെലവ് ഉടമയില്‍നിന്ന് ഈടാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ടെറസ്, സണ്‍ഷെയ്ഡ്, കക്കൂസ്-കുളിമുറികള്‍ എന്നിവിടങ്ങളില്‍ കൊതുകുനിവാരണം നടത്തണം. ഇവ ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് പരസ്യപ്പെടുത്തുക.