കായംകുളം : ആലപ്പുഴയിൽ വീട്ടമ്മയെ വാടക വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെ (48) യാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഭർത്താവ് ശ്രീവത്സൻ പിള്ളയെ (53) കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചതായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഇരുവരും ജീവനൊടുക്കുവാൻ ശ്രമിച്ചത്. രാജേശ്വരിയമ്മയുടെ നിര്‍ദേശത്തെ തുടർന്ന് ഭർത്താവ് ഇവരുടെ കഴുത്തിൽ ഷാൾ മുറുക്കി. ഭാര്യയുടെ കഴുത്തു മുറുക്കിയപ്പോൾ വായിൽ നിന്നും രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സൻ ആത്മഹത്യ ശ്രമത്തിൽനിന്ന് പിന്മാറി.
തുടർന്ന് ഇരുവരും വാഹനത്തിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് റോഡിൽ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. തുടർന്ന് വീണ്ടും വീട്ടിലെത്തി മുമ്പ് തീരുമാനിച്ചതുപ്രകാരം ഷാൾ കഴുത്തിൽ കുരുക്കി ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചതോടെ ഭയന്നുപോയ ശ്രീവത്സൻ പിള്ള വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇവരുടെ രണ്ടു പെൺമക്കൾ പൂനയിൽ ജോലി ചെയ്തു വരികയാണ്. ശ്രീവത്സൻ പിള്ളയും രാജേശ്വരിയമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാജേശ്വരിയമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് ഇവർ രാത്രികാലങ്ങളിൽ ചിലവഴിക്കുന്നത്. ഇവിടേക്ക് രാത്രിയിൽ എത്താത്തിതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ വാടകവീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.