ആലപ്പുഴ : അശ്ലീലച്ചുവയോടെ സംസാരിച്ചതു ചോദ്യം ചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. നീലംപേരൂർ ഒന്നാംവാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലെ പ്രതി കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിനെയാണ് (46) ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി – 3 ജഡ്ജ് പി.എൻ സീത ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ചു കടന്നതിന് പ്രതി ഒരുമാസം കഠിനതടവും അനുഭവിക്കണം. ഒരു ലക്ഷംരൂപ പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം. കേസിൽ കൂറുമാറിയ ഒന്നാംസാക്ഷിയും കൊല്ലപ്പെട്ട സരസമ്മയുടെ മകനുമായ ഓമനക്കുട്ടൻ, ഇയാളുടെ ഭാര്യയും രണ്ടാംസാക്ഷിയുമായ അജിത, സരസമ്മയുടെ ഭർത്തൃസഹോദരനും മൂന്നാം സാക്ഷിയുമായ കുട്ടപ്പൻ എന്നിവർക്കെതിരേ കോടതി സ്വമേധയാ കേസെടുത്തു.
2004 മേയ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാർ അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിർത്തിരുന്നു. സംഭവദിവസം പ്രദീപ്കുമാർ സരസമ്മയോട് മോശമായി സംസാരിക്കാൻ തുടങ്ങിയതോടെ തർക്കമായി. ഈ സമയം പ്രദീപ്കുമാർ കൈവശംകരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകൻ എതിർക്കാൻ ശ്രമിച്ചപ്പോൾ മകനെ ഒന്നും ചെയ്യരുതെന്നുപറഞ്ഞ് സരസമ്മ ഇടയ്ക്കുകയറി. ഇതോടെ വീണ്ടും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മകനും മരുമകളും ഭർത്തൃസഹോദരനും കേസിൽ ദൃക്സാക്ഷികളാണ്. ഇവർ പോലീസിനു നൽകിയിരുന്ന മൊഴി കോടതിയിൽ നിഷേധിച്ചതിനാണ് കോടതി കേസെടുത്തത്. കളവായ തെളിവു നൽകിയതിന് ഏഴുവർഷംവരെ തടവു കിട്ടാവുന്ന കേസാണിത്. ഈ കേസിന്റെ വിചാരണ പിന്നീട് നടക്കും. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി ഗീത ഹാജരായി.