മലപ്പുറം : മലപ്പുറം പാലേമാട്ടിലെ വീട്ടമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപണം. പാലേമാട് മാമ്പറമ്പിൽ രത്നമ്മയുടെ മരണത്തില്‍ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നൽകി. കഴിഞ്ഞ മാസം 23 നാണ് രത്നമ്മ ചുങ്കത്തറ മാർത്തോമാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹെര്‍ണിയ ശസ്ത്ര ക്രിയക്ക് മുമ്പ് നൽകിയ അനസ്തേഷ്യാ കുത്തിവെപ്പിനു പിന്നാലെയാണ് മരണം സംഭവിച്ചത്. അനസ്ത്യേഷ നല്‍കിയതിലെ പിഴവാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. മരണ വിവരം ക്യത്യമായി അറിയിക്കാതെ ഒളിച്ചുവെക്കാൻ ആശുപത്രി അധികൃതര്‍ ശ്രമിച്ചെന്നും അവര്‍ പരാതിപെട്ടു.
തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പോലീസ് എത്തി ഇൻക്വസ്റ്റും മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടവും നടത്തിയാണ് മൃതദേഹം സംസ്ക്കരിച്ചത്. എന്നാല്‍ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും ഹൃദയാഘാതമാണ് പെട്ടന്നുള്ള മരണത്തിന് കാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും അവര്‍ വിശദീകരിച്ചു.