ആലപ്പുഴ : പ്രകൃതിസ്‌നേഹികള്‍ക്കും പക്ഷികളെ സ്‌നേഹിക്കുന്നവര്‍ക്കും പറ്റിയ ഇടമാണ് കാക്കത്തുരുത്ത്. വേമ്പനാട്ടു കായലിനു നടുവിൽ കാക്കകളുടെ മാത്രമല്ല മറ്റു പല പക്ഷികളുടെയും സങ്കേതമാണ് കാക്കത്തുരുത്ത്. അതുകൊണ്ടുതന്നെ പക്ഷി നിരീക്ഷകരുടെയും ഇഷ്ട സ്‌പോട്ടാണിത്.
കൂടാതെ നല്ല നാടന്‍ കള്ളും അപ്പവും പുട്ടും കരിമീനും ഞണ്ടും ചെമ്മീനും കോഴിയും താറാവും പോര്‍ക്കുമെല്ലാം വിളമ്പുന്ന ഷാപ്പ് സഞ്ചാരികളുടെ മനസ്സും ഒരുപോലെ വയറും നിറയ്ക്കും. ആലപ്പുഴയുടെ വടക്കേ അറ്റത്തെ എഴുപുന്ന പഞ്ചായത്തിലാണ് കാക്കത്തുരുത്ത്. എരമല്ലൂരാണ് കാക്കത്തുരുത്തിനോട് ഏറ്റവും അടുത്തുള്ള കരയിലെ ഭാഗം. എരമല്ലൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ വള്ളത്തില്‍ സഞ്ചരിച്ചാല്‍ തുരുത്തിലെത്താം.
മൂന്ന് കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയും മാത്രമുള്ള കാക്കത്തുരുത്തില്‍ താമസക്കാരായി 300 ഓളം കുടുംബങ്ങളുണ്ട്. വലിയ റോഡുകളോ വാഹനപ്പെരുപ്പമോ ഇല്ല. മണ്‍പാതകളിലൂടെയുള്ള പ്രധാന വാഹനം സൈക്കിളുകളാണ്. കണ്ടല്‍കാടുകളും ചതുപ്പു നിലങ്ങളും തെങ്ങിന്‍തോപ്പുകളും എങ്ങോട്ടു തിരിഞ്ഞാലും കാണാവുന്ന വെള്ളവും വേമ്പനാട്ടു കായലിന്‍റെ വിശാലതയുമെല്ലാം ചേര്‍ന്ന് കാക്കത്തുരുത്തിനെ ആലപ്പുഴയുടെ ബ്യൂട്ടിസ്‌പോട്ടാക്കിയിട്ടുണ്ട്.
വൈകീട്ട് ആറുമണിയെന്ന അസ്തമയത്തിന്‍റെ ഏറ്റവും മനോഹര സമയമാണ് കാക്കത്തുരുത്തിനായി നാഷനല്‍ ജിയോഗ്രഫി മാറ്റിവച്ചത്. കാക്കത്തുരുത്തിലെ അസ്തമയം എത്രത്തോളം വശ്യമാണെന്നതിന്‍റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ്.