പ്രത്യേകിച്ച് പനിയൊന്നും ഇല്ലാതെ ഛർദ്ദി, മനം മറിച്ചിൽ, വയർ വേദന തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടോ? എങ്കിൽ സൂക്ഷിക്കണം, അവ ഒമിക്രോൺ വൈറസ് ബാധ മൂലമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശ പ്രശ്നങ്ങളോ പനിയോ ഒന്നും ഇല്ലാതെ ഇത്തരം ലക്ഷണങ്ങൾ ഒമിക്രോൺ ബാധിതരിൽ കണ്ടു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാക്‌സീൻ രണ്ട് ഡോസ് എടുത്തവരിൽ പോലും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ട്. വയറിലെയും കുടലിലെയുമൊക്കെ ശ്ലേഷ്മ പാളികളിൽ ഒമിക്രോൺ ഉണ്ടാക്കുന്ന അണുബാധ മൂലം ഛർദ്ദി, മനംമറിച്ചിൽ, വയർ വേദന, അതിസാരം, വിശപ്പില്ലായ്മ, പുറം വേദന പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാമെന്നു ഗുരുഗ്രാം ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പൾമനോളജി ഡയറക്ടർ ഡോ.മനോജ് ഗോയൽ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത്തരം ലക്ഷണങ്ങൾ തീവ്രമാകുന്നതായി റിപ്പോർട്ടുകളില്ല.
വയർവേദന അടക്കമുള്ള ലക്ഷണങ്ങൾ സാധാരണ പനിയായി തള്ളിക്കളയരുതെന്നും കോവിഡ് പരിശോധന നടത്തി സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും ഡോ.മനോജ് ചൂണ്ടിക്കാട്ടി. സ്വയം ചികിത്സ, എരിവുള്ള ഭക്ഷണം, മദ്യപാനം പോലുള്ളവ ഒഴിവാക്കണമെന്നും ശരീരത്തിലെ ജലാംശം നിലനിർത്തണമെന്നും നട്ട്സ് അടക്കമുള്ള ഭക്ഷണങ്ങൾ മിതമായ തോതിൽ ഇടയ്ക്കിടെ കഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോൺ വയറിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാൻ ഇനി പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു :
1. ഫ്രഷായി പാകം ചെയ്ത ആഹാരം മാത്രം കഴിക്കുക. കഴിക്കുന്നതിന് മുൻപ് കൈകളുടെ ശുചിത്വം ഉറപ്പ് വരുത്തണം
2. മറ്റുള്ളവരുമായി ആഹാരം പങ്കു വച്ചു പല പാത്രങ്ങളിൽ കയ്യിട്ട് വാരി കഴിക്കരുത്
3. പഴങ്ങൾ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
4. പുറത്തു നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക.