ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല വിപ്ലവകരമായ ഒരു പുത്തന്‍ ആശയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രണയ തകര്‍ച്ചകളെ കത്തി കൊണ്ടും ആസിഡു കൊണ്ടും നേരിടുന്ന ജെന്‍ സി വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രണയത്തെയും പ്രണയ തകര്‍ച്ചയെയും അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്നതിന് മനഃശാസ്ത്ര വകുപ്പിന്‍റെ കീഴില്‍ പുതിയ കോഴിസ് ആരംഭിക്കുകയാണ്. ‘നെഗോഷിയേറ്റിങ് ഇന്റിമേറ്റ് റിലേഷന്‍ഷിപ്പ്‌സ്’ എന്നാണ് കോഴിസിന് പേര് നൽകിയിരിക്കുന്നത്. ഡേറ്റിങ് ആപ്പുകളും സോഷ്യല്‍മീഡിയയും പരുവപ്പെടുത്തിവെച്ചിരിക്കുന്ന ഇന്നത്തെ യുവതലമുറയുടെ പ്രണയബന്ധങ്ങളാണ് പഠന വിഷയം. സംവേദനാത്മകവും ആകർഷകവുമായ രീതിയിലാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നതിരിക്കുന്നതെന്ന് സല്‍ഹി സര്‍വകലാശാല ഫാക്കൽറ്റി അംഗമായ ലതിക ഗുപ്ത വിശദീകരിച്ചു.
ട്യൂട്ടോറിയലുകളിൽ സോഷ്യൽ മീഡിയ വിശകലനം, സ്വയം അവബോധ വ്യായാമങ്ങൾ, ഡിജിറ്റൽ ഡേറ്റിംഗ് പ്രതിസന്ധികളെക്കുറിച്ചുള്ള സംവാദങ്ങൾ, പോപ്പ് സംസ്കാര വിമർശനങ്ങൾ എന്നിവ ഉൾപ്പെടും. 2025–26 അധ്യയന വർഷത്തിൽ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ കോഴ്‌സ് എല്ലാ വിഷയങ്ങളിൽ നിന്നുമുള്ള ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. അടുപ്പം, സൗഹൃദം, പ്രണയം, അസൂയ, ബ്രേക്ക്അപ്പ് തുടങ്ങിയ പരമ്പരാഗത വിദ്യാഭ്യാസത്തിൽ പലപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങളിൽ വിദ്യാർഥികൾക്കിടയിൽ തുറന്ന ചർച്ചകളും ആരോഗ്യകരമായ സംവാദങ്ങൾക്കും തുടക്കം കുറിക്കുക എന്നതാണ് കോഴ്സിന്റെ ഉദ്ദേശം. പ്രണയപ്പക മൂലം സമൂഹത്തില്‍ ക്രൈമുകൾ വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങള്‍ കൂടുതൽ പ്രസക്തമാണെന്നും അധികൃതർ പറയുന്നു.