വാട്സ്ആപ്പ് (WhatsApp) അടുത്തിടെ മികച്ച നിരവധി ഫീച്ചറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. പേഴ്‌സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനും ഒന്നിലധികം ഫോണുകളിൽ വാട്സ്ആപ്പിൽ ലോഗിൻ ചെയ്യാനും സാധിക്കുന്ന വിധത്തിലുള്ള മികച്ച സവിശേഷതകൾ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ഇത്തരം ഫീച്ചറുകൾക്ക് പുറമേ ഏറ്റവും ശ്രദ്ധേയമായ എഡിറ്റ് മെസേജ് എന്ന ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിച്ചു. ഈ എഡിറ്റ് ബട്ടൺ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുന്നു. വാട്സ്ആപ്പിൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ സമയപരിധിയുണ്ട്. ഗ്രൂപ്പിലോ പേഴ്സണൽ ചാറ്റിയോ അയച്ച മെസേജുകളിൽ അക്ഷരതെറ്റോ മറ്റെന്തെങ്കിലും തെറ്റുകളോ ഉണ്ടെങ്കിൽ ഈ ഫീച്ചറിലൂടെ എളുപ്പം നിങ്ങൾക്ക് അവ തിരുത്താൻ സാധിക്കും. എല്ലാ ഉപയോക്താക്കൾക്കും മെസേജ് എഡിറ്റ് ബട്ടൺ ഫീച്ചർ ലഭ്യമാകും. നിങ്ങൾ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുക.
പുതിയ എഡിറ്റ് മെസേജ് ഫീച്ചർ ഡിലീറ്റ് ഓപ്‌ഷൻ ഉപയോഗിക്കുന്നതിനേക്കാൾ മികച്ചതാണ്. മെസേജുകൾ ടൈപ്പ് ചെയ്ത് അയച്ച് കഴിഞ്ഞാണ് അതിൽ തെറ്റുകൾ കാണുന്നത് എങ്കിൽ മെസേജ് ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ ഉപയോഗിച്ച് മൊത്തത്തിൽ ഡിലീറ്റ് ചെയ്ത് വീണ്ടും ടൈപ്പ് ചെയ്ത് അയക്കുന്നതിനെക്കാൾ നല്ലത് തെറ്റിയ ഭാഗം എഡിറ്റ് ചെയ്ത് ശരിയാക്കുന്നത് തന്നെയാണ്. എങ്ങനെയാണ് വാട്സ്ആപ്പിലെ പുതിയ എഡിറ്റ് മെസേജ് ഫീച്ചർ ഉപയോഗിക്കുന്നതെന്ന് നോക്കാം.
● വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ഏതെങ്കിലും ചാറ്റ് തിരഞ്ഞെടുക്കുക
● നിങ്ങൾ അബദ്ധത്തിൽ അയച്ച മെസേജിൽ കുറച്ച്നേരം ടാപ്പ്ചെയ്ത് പിടിക്കുക
● മെസേജ് സെലക്റ്റ് ആയിക്കഴിഞ്ഞാൽ കുറച്ച് ഓപ്ഷനുകൾ കാണാം
● ത്രീ ഡോട്ട് മെനു തിരഞ്ഞെടുക്കുക
● ഇതിൽ ഇൻഫോ, കോപ്പി, എഡിറ്റ് എന്നീ മൂന്ന് ഓപ്ഷനുകൾ കാണാം
● എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്താൽ തെറ്റ് തിരുത്താനുള്ള ഓപ്ഷൻ ലഭിക്കും
● ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിന് ശേഷം ടിക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക
● ഇത്രയും ചെയ്താൽ നിങ്ങൾ അയച്ച മെസേജിലെ തെറ്റ് തിരുത്തിയിട്ടുണ്ടാകും
അയച്ച മെസേജുകൾ എഡിറ്റ് ചെയ്ത് തിരുത്തുന്നതിന് വാട്സ്ആപ്പ് നിങ്ങൾക്ക് 15 മിനിറ്റ് സമയം മാത്രമേ നൽകുകയുള്ളു. ഒരു മെസേജ് അയച്ച് 15 മിനുറ്റ് കഴിഞ്ഞാൽ പിന്നെയത് എഡിറ്റ് ചെയ്യാൻ സാധിക്കുകയില്ല. ഒരു മെസേജ് എഡിറ്റ് ചെയ്താൽ അയച്ച ആളിനും ആ മെസേജ് ലഭിച്ച ആളിനും മെസേജിന് താഴെയായി എഡിറ്റഡ് എന്ന് പ്രത്യേകം എഴുതി കാണിക്കും. മറ്റൊരു ശ്രദ്ധേയമായ കാര്യം ഒരു മെസേജ് അത് ലഭിച്ചയാൾ ഓപ്പൺ ചെയ്ത് നോക്കിയ ശേഷം എഡിറ്റ് ചെയ്താൽ എഡിറ്റ് ചെയ്യപ്പെടുമെങ്കിലും രണ്ടാമതും നോട്ടിഫിക്കേഷൻ ലഭിക്കുകയില്ല. വാട്സ്ആപ്പിലെ പുതിയ എഡിറ്റ് മെസേജ് ഫീച്ചർ ഇപ്പോൾ ടെക്സ്റ്റ് മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം മാത്രമല്ല നൽകുന്നത്. ഫോട്ടോകൾ, വീഡിയോകൾ മറ്റ് മീഡിയ ഫയലുകൾ എന്നിവയ്ക്ക് അടിക്കുറിപ്പുകളായി അയക്കുന്ന മെസേജുകളും ഇത്തരത്തിൽ എഡിറ്റ് ചെയ്യാവുന്നതാണ്. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് എഡിറ്റ് മെസേജ് ഫീച്ചർ ലഭ്യമാണ്.