ഓരോരുത്തരും വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്‌തമാണല്ലോ. അതുപോലെ തന്നെ ഡ്രൈവ് ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനും ഓരോരുത്തർക്കും വ്യത്യസ്‌തമാണ്. പക്ഷേ പലരും തെറ്റായ രീതിയിലാണ് ഡ്രൈവിംഗിനായി സീറ്റുകളിൽ ഇരിക്കുന്നത്. ഒന്നു ശ്രദ്ധിച്ചാല്‍ നമുക്ക് സ്വന്തം ഡ്രൈവിംഗ് മെച്ചപ്പെടുത്താന്‍ സാധിക്കും. വാഹനമോടിക്കുമ്പോൾ ശരിയായ ഭാവം നിലനിർത്തുന്നത് നിങ്ങളുടെ നടുവിന്റെയും മറ്റ് അവയവങ്ങളുടെയുമെല്ലാം സുഖം, സുരക്ഷ, ദീർഘകാല ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും നിർണായകമാണ്. ശരിയായ ഡ്രൈവിംഗ് പോസ്ച്ചർ അസ്വാസ്ഥ്യവും ക്ഷീണവും തടയുക മാത്രമല്ല, അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്നതും വണ്ടിയോടിക്കുമ്പോൾ ഓർമിക്കണം. ആധുനിക കാറുകളില്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിംഗ് വീലിൽ നിന്നുള്ള അകലവുമൊക്കെ സജ്ജീകരിക്കാനാവും. ഇതെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയാൽ കാര്യങ്ങൾ എളുപ്പമാക്കും.
ശരിയായ ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്താനായി ആദ്യം ചെയ്യേണ്ടത് സീറ്റ് ക്രമീകരിക്കുകയാണ്. നിങ്ങളുടെ പിൻഭാഗത്തിന് പൂർണമായി പിന്തുണ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സീറ്റിന്റെ പൊസിഷൻ അഡ്‌ജസ്റ്റ് ചെയ്യാം. സീറ്റിന്റെ ബാക്ക് റെസ്റ്റ് ശരിയാംവിധം സെറ്റ് ചെയ്‌താൽ പകുതി പണി കഴിഞ്ഞു. ഇത് നിവർന്നിരിക്കാൻ നിങ്ങളെ സഹായിക്കും. ഇതിനു ശേഷം സീറ്റും പെഡലുകളും തമ്മിലുള്ള അകലം ക്രമീകരിക്കുകയാണ് വേണ്ടത്. ഈ അകലം സുരക്ഷിതമായ ഡ്രൈവിംഗിലേക്ക് നയിക്കും. ഡ്രൈവിംഗ് സീറ്റില്‍ ചാരിയിരുന്നുകൊണ്ട് ആയാസപ്പെടാതെ ബ്രേക്കിലും ആക്‌സിലറേറ്ററിലും ക്ലച്ചിലുമെല്ലാം കാലുവെക്കാന്‍ സാധിക്കുന്ന അകലമാണ് ഉചിതമെന്ന് മനസിൽ ഓർത്തുകൊണ്ടുവേണം ഇത് ക്രമീകരിക്കാൻ. സീറ്റ് ഒരുപാട് പിന്നിലേക്കോ മുന്നിലേക്കോ വെക്കാൻ പാടില്ല.
ഇങ്ങനെ മൊത്തത്തിൽ നിങ്ങൾക്ക് അനുയോജ്യമായ ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്തി കഴിഞ്ഞാൽ ദീര്‍ഘ ദൂര യാത്രകളെല്ലാം നല്ല രീതിയില്‍ തന്നെ ആസ്വദിക്കാനാവും. സീറ്റിന്റെ ഉയരം (ഹൈറ്റ്) പരിശോധിക്കേണ്ടതും വളരെ നിർബന്ധമുള്ള കാര്യമാണ്. സീറ്റിംഗ് ഉയരത്തിലാണെന്ന് ഉറപ്പാക്കുന്നതിലൂടെ നിങ്ങൾക്ക് റോഡിന്റെ വ്യക്തമായ കാഴ്ച്ച ലഭിക്കും. ഇതോടൊപ്പം പാദങ്ങൾ വലിച്ചുനീട്ടാതെ പെഡലിലേക്ക് സുഖകരമായി എത്തുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. പുത്തൻ കാറുകളിൽ ഹൈറ്റ് അഡ്ജസ്റ്റബിലിറ്റിയൊക്കെ ഉണ്ടാവും. പലരും ഏറ്റവും ഉയരത്തിലോ അല്ലെങ്കില്‍ പരമാവധി താഴ്ച്ചയിലോ ഒക്കെയാണ് സീറ്റ് സജ്ജീകരിക്കുക.
ഇത് രണ്ടും തെറ്റായ രീതികളാണ്. പിന്നെ ഏതാണ് ശരിയെന്ന് ചോദിച്ചാൽ കാറിന്റെ സ്റ്റിയറിംഗ് വീല്‍ വാഹനത്തിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ കാഴ്ച്ചകള്‍ തടസപ്പെടുത്താത്ത ഉയരത്തിൽ സീറ്റ് ക്രമീകരിക്കുന്നതാണ് ഉചിതം. ഹെഡ്‌റെസ്റ്റ് കൃത്യമായ രീതിയിൽ വിന്യസിക്കേണ്ടതും ഡ്രൈവിംഗ് പൊസിഷൻ ശരിയാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഹെഡ്‌റെസ്റ്റിന്റെ മുകൾഭാഗം നിങ്ങളുടെ തലയുടെ മുകൾ ഭാഗത്തിന് തുല്യമായിരിക്കണം. പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കിൽ ആഘാതങ്ങൾ ഉണ്ടാകുമ്പോൾ ഇത് നിങ്ങളുടെ കഴുത്തും തലയും സുരക്ഷിതമായിരിക്കാനും സഹായിക്കും. ഹെഡ്റെസ്റ്റ് അഡ്ജസ്റ്റബിലിറ്റി യില്ലാതെയാവും ഇന്നത്തെ മിക്ക ബജറ്റ് ഫ്രണ്ട്ലി കാറുകളും പുറത്തിറങ്ങുന്നത്. ആയതിനാൽ നെക്ക് സപ്പോർട്ട് വാങ്ങി ഇതിനെ ഒരു പരിധി വരെ മറികടക്കാൻ കഴിയും. വാഹനമോടിക്കുമ്പോൾ ശ്രദ്ധാലുക്കളായിരിക്കേണ്ടതും അത്യാവശ്യമാണ്. ആയതിനാൽ ഒരു നല്ല ഡ്രൈവിംഗ് പൊസിഷൻ നിലനിർത്താൻ നിങ്ങളെത്തന്നെ നിരന്തരം ഓർമ്മിപ്പിക്കുക. ഇനി ഡ്രൈവർ മാറി ഓടിക്കുന്ന സമയത്തും സീറ്റ് നിങ്ങളുടേതായ രീതിയിൽ ക്രമീകരിച്ചിട്ട് വേണം യാത്ര തുടരാൻ. ഈ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ വാഹനമോടിക്കുമ്പോൾ ശരിയായ ഭാവം നിലനിർത്താനും യാത്രകൾ സുരക്ഷിതമാവാനും നിങ്ങളെ സഹായിക്കും.